ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കാനഡ പൗരന്മാര്‍ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളുടെ കാരണത്താല്‍ ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കൂടാതെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലും നിരവധി തീവ്രവാദ, വിമത ഗ്രൂപ്പുകൾ സജീവമാണെന്നും അത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
തീവ്രവാദ സംഘടനകൾ ധന സഹായം ആവശ്യപ്പെട്ട് വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്തേക്കാം എന്നും സംസ്ഥാനത്തെ വംശീയ സംഘർഷങ്ങൾ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ഇടയാക്കും എന്നും കാനഡ ഇന്ത്യയിലുള്ള പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.‘തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നിരന്തരം അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്. സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ സാധാരണക്കാരെ പോലും മരണത്തിലേക്ക് നയിച്ചു. അതിനാൽ കൂടുതൽ ആക്രമണങ്ങൾ എപ്പോൾ വേണമെങ്കിലും നടന്നേക്കാം’ എന്നും കാനേഡിയൻ സർക്കാർ ചൂണ്ടിക്കാട്ടി.