ന്യൂഡൽഹി : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ സഖ്യകക്ഷികളുമായി ചേർന്ന് ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്താൻ കാനഡ ശ്രമിച്ചതായി റിപ്പോർട്ട്. യുഎസ് അടക്കമുള്ള 4 രാജ്യങ്ങളുമായി ചേർന്ന് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ അപലപിച്ചു സംയുക്ത പ്രസ്താവനയിറക്കാനായിരുന്നു കാനഡയുടെ ശ്രമം. രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണ് കൊലപാതകമെന്നതായിരുന്നു വാദം.
കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളെയാണ് ഇക്കാര്യത്തിൽ ഒപ്പം നിർത്താൻ ശ്രമിച്ചത്. എന്നാൽ ഇന്ത്യയെ പിണക്കാതിരിക്കാനായി രാജ്യങ്ങൾ ഈ നീക്കത്തോടു വിമുഖ കാണിച്ചതായാണു റിപ്പോർട്ട്.
അതേസമയം, ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന്മേൽ സഖ്യരാജ്യങ്ങളായ യുഎസും ഓസ്ട്രേലിയയും കടുത്ത ആശങ്ക രേഖപ്പെടുത്തി. കാനഡയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്നു യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും യുഎസ് പ്രതികരിച്ചു. തങ്ങളുടെ ആശങ്ക ഇന്ത്യ സർക്കാരിലെ ഉന്നതരെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചു.