ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ്. ഇന്തോ- കനേഡിയൻ ഹിന്ദുക്കൾ രാജ്യം വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്ന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ ആവശ്യപ്പെട്ടു.
ഇന്ത്യയും കാനഡയും തമ്മിലുള്ള വൻ നയതന്ത്ര തർക്കത്തിനിടെയാണ് ഗുർപത്വന്ത് സിങ്ങിന്റെ ഭീഷണി. ‘ഇന്തോ- കനേഡിയൻ ഹിന്ദുക്കളേ, നിങ്ങൾ കാനഡയോടും കനേഡിയൻ ഭരണഘടനയോടുമുള്ള കൂറ് ഇല്ലാതാക്കി. നിങ്ങളുടെ സ്ഥലം ഇന്ത്യയാണ്. കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ’- ഒരു വീഡിയോ സന്ദേശത്തിലൂടെ പന്നൂൻ പറഞ്ഞു.
‘ഖാലിസ്ഥാൻ അനുകൂല സിഖുകാർ എപ്പോഴും കാനഡയോട് വിശ്വസ്തത പുലർത്തിയവരായിരുന്നു. അവർ എപ്പോഴും കാനഡയുടെ പക്ഷത്തായിരുന്നു. അവർ എപ്പോഴും നിയമങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിച്ചിട്ടുണ്ട്’- പന്നൂൻ പറഞ്ഞു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയാണെങ്കിൽ അയാൾക്കെതിരെ വോട്ടുചെയ്യാൻ ഒക്ടോബർ 29 ന് എല്ലാ കനേഡിയൻ സിഖുകാരും വാൻകൂവറിൽ ഒത്തുകൂടണമെന്നും പന്നൂൻ വീഡിയോയിൽ ആവശ്യപ്പെട്ടു.
ഖാലിസ്ഥാനി സംഘടനകൾ മുമ്പും കാനഡയിൽ റഫറണ്ടം സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിക്കുകയും കാനഡയോട് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഖാലിസ്ഥാനികൾ ഇന്ത്യൻ നയതന്ത്രജ്ഞരെയും നേതാക്കളെയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.