ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തുവന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും കൂടുതല്‍ ഒറ്റപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളാണ് കാനഡയെ പിന്തുണയ്ക്കാന്‍ തയ്യാറാകാതെ രംഗത്തുവന്നത്. ഭീകരവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുന്നതിനു പകരം അവര്‍ക്കുനേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ പ്രധാനമന്ത്രിയുടെ നിലപാട് ആശങ്കാജനകമാണെന്നാണ് ഈ രാഷ്ട്രങ്ങള്‍ പറയുന്നത്.
അമേരിക്കയും ബ്രിട്ടനും ഖാലിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്ന് തന്നെ വ്യക്തമാക്കി. ഭീകരതയ്ക്ക്ു സഹായം ചെയ്യുന്നതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ വിമര്‍ശനം നേരിടുന്ന ചൈനയെയും പാക്കിസ്ഥാനെയും വിമര്‍ശിക്കാതെ ഇന്ത്യക്കെതിരെ ട്രൂഡോ ആരോപണമുന്നയിച്ചതാണ് പല രാഷ്ട്രങ്ങളെയും അസ്വസ്ഥരാക്കുന്നത്. കാനഡയില്‍ തന്നെ പ്രതിപക്ഷം ഈ വിഷയം ട്രൂഡോ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമിക്കുന്നത്. ചൈനയുമായി ട്രൂഡോയ്ക്ക് രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണങ്ങള്‍ പ്രതിപക്ഷം നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. കാനഡയില്‍ ചൈനീസ് പോലീസ് സ്‌റ്റേഷനുകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
അധികാരത്തിലെത്താന്‍ ട്രൂഡോ ചൈനയുടെ സഹായം സ്വീകരിച്ചുവെന്നും മുമ്പ് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യാവിരുദ്ധ നടപടികളുടെ പേരില്‍ ട്രൂഡോയെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് മറ്റൊരു അവസരം ലഭിച്ചിരിക്കുന്നത്.
കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ട്രൂഡോ കാണുന്നില്ല. ഇന്ത്യയുടെ ഇടപെടല്‍ മാത്രമാണോ കാണുന്നത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പാക്കിസ്ഥാനെ കുറിച്ചും ഇതുതന്നെയാണ് പ്രതിപക്ഷ അഭിപ്രായം. കാനഡയില്‍ ബലൂച് നേതാവിനെ പാക് ഏജന്‍സി കൊലപ്പെടുത്തിയപ്പോള്‍ എന്തുകൊണ്ട് ട്രൂഡോ ഇതേ സമീപനം കാണിച്ചില്ലെന്നും അവര്‍ ചോദിക്കുന്നു.
ഖാലിസ്ഥാന്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷത്തിന്റെ പ്രധാന മുഖവുമായ പൊയ്ലിവര്‍ പറയുന്നു. കൂടുതല്‍ വസ്തുതകള്‍ വേണ്ടതുണ്ട്. ചൈനയുടെ വിദേശ ഇടപെടലിനെക്കുറിച്ച് ട്രൂഡോയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ പൊതുജനങ്ങളെ അറിയിച്ചില്ല. കാനഡയില്‍ ഇന്ത്യയുടെ ഇടപെടല്‍ ട്രൂഡോ അറിയുന്നുണ്ട്. എന്നാല്‍ കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ കണ്ടതായി ഭാവിക്കുന്നില്ലെന്നും പൊയ്ലിവര്‍ കൂട്ടിച്ചേര്‍ത്തു.
പൊയ് ലിവറിന്റെ വാദങ്ങളെ പിന്തുണച്ച് നിരവധി ബുദ്ധിജീവികള്‍ രംഗത്തുവന്നു.
‘ഈ പ്രധാനപ്പെട്ട കാര്യം പൊയ്‌ലിവര്‍ പറഞ്ഞത് നന്നായെന്ന് കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ സ്പെന്‍സര്‍ ഫെര്‍ണാണ്ടോ എക്‌സില്‍ എഴുതി.
കനേഡിയന്‍ ജനാധിപത്യത്തിനെതിരായ കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണത്തെ തള്ളിപ്പറയാതിരിക്കാന്‍ ട്രൂഡോ പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തി. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഉടനടി പരസ്യപ്പെടുത്തുകയാണ്.
ട്രൂഡോയുടെ പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നില്‍ ചൈനയാണെന്ന് കാനഡയിലെ പ്രതിപക്ഷം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. തങ്ങളെ എതിര്‍ക്കുന്ന ലോകമെമ്പാടുമുള്ള പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ ചൈന പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയ്ക്കും ചൈനയോട് കടുത്ത നിലപാടാണ്. അതുകൊണ്ട് തന്നെ കാനഡയിലെ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ ചൈന എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചു. ഇതില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്തുകയും ട്രൂഡോയുടെ പാര്‍ട്ടിയുടെ വിജയിക്കുകയും ചെയ്തു. ഇതിനാലാണ് ചൈനയുടെ ഇടപെടല്‍ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കാനഡയിലെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഇക്കാരണത്താല്‍, ചൈനയുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാനഡ ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചു. 2019ലും 2021ലും നടന്ന കനേഡിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ ചൈന പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് കമ്മീഷന്‍ അന്വേഷിക്കും.
നിജ്ജാറിന്റെ പൗരത്വത്തെക്കുറിച്ചുള്ള ട്വീറ്റില്‍ കാനഡക്കാരെല്ലാം ചാടിവീഴുന്നത് അതിശയകരമാണെന്നും എന്നാല്‍ പാക്കിസ്ഥാന്റെ ഐഎസ്‌ഐ കൊലപ്പെടുത്തിയ കരീമയെക്കുറിച്ച് അവരാരും ആശങ്കപ്പെടുന്നില്ലെന്നും മാധ്യമപ്രവര്‍ത്തക ഫ്രാന്‍സെസ്‌ക മറിനോ പറയുന്നു. ഖാലിസ്ഥാനി ഭീകരര്‍ സംരക്ഷണം ആസ്വദിക്കുന്നു, ബലൂച് പ്രവര്‍ത്തകര്‍ക്ക് അതൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കരിമ ബലോച്ചിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ട്വിറ്ററില്‍ പലരും ട്രൂഡോയോട് ചോദിക്കുന്നുണ്ട്. 37 കാരിയായ മനുഷ്യാവകാശ പ്രവര്‍ത്തക കരിമ ബലോച്ച് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായിരുന്നു. അവര്‍ കാനഡയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. 2020 ഡിസംബറില്‍ ടൊറന്റോയിലെ നദീതീരത്ത് നിന്ന് കരീമയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെക്കുറിച്ച് കരീമയുടെ ഭര്‍ത്താവ് ഹൈദര്‍ ടൊറന്റോ പോലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. കുടുംബം നേരിട്ട് സംശയം പ്രകടിപ്പിച്ചിട്ടും ട്രൂഡോ ഈ വിഷയത്തില്‍ നാളിതുവരെ ഒന്നും പറഞ്ഞിട്ടില്ല.
കാനഡയില്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ഇവര്‍ക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് സമീപകാല പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം കനേഡിയന്‍ പാര്‍ലമെന്റില്‍ ട്രൂഡോ ചൂണ്ടിക്കാണിച്ചത് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ മൃദു മനോഭാവത്തിന്റെ തെളിവാണെന്നാണ് വിലയിരുത്തല്‍.. ഖാലിസ്ഥാനി വിഭാഗങ്ങള്‍ക്കതിരെ നടപടിയെടുക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്ത ഇത്തരം നിരവധി കേസുകളുണ്ട്.