തിരുവനന്തപുരം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിഅടൂർ പ്രകാശ് തന്നെ മത്സരിച്ചേക്കും. പാർട്ടി അത്തരമൊരു നിർദേശം തനിക്ക് നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി നിർദേശം അനുസരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിലും ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അവിടെ തന്നെ മത്സരിക്കേണ്ടി വരുമെന്നാണ് അറിയിച്ചത്. ഇനി മാറ്റി പറയുകയാണെങ്കിൽ അതും സ്വീകരിക്കും. കാരണം പാർട്ടി പ്രവർത്തകനാണ് ഞാൻ’, അടൂർ പ്രകാശ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ ആറ്റിങ്ങൽ ബൈപ്പാസ് സംബന്ധിച്ച ചോദ്യത്തിന്, ബൈപ്പാസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ‘കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എന്റെ വാഗ്ദാനം, ആറ്റിങ്ങലിൽ ഗതാഗത കുരുക്ക് അവസാനിപ്പിക്കുന്നതിന് അവിടെ ബൈപ്പാസ് കൊണ്ടുവരുമെന്നതായിരുന്നു. ആ ബൈപ്പാസ് കൊണ്ടുവരാൻ ഒരുപാട് പണിയെടുത്തു. പണിയെടുത്തതിനനുസരിച്ച് അത് വരികയും ചെയ്തു. ബൈപ്പാസിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.