ആലപ്പുഴ: സി.പി.ഐ ഈർക്കിൽ പാർട്ടിയാണെന്നും തങ്ങൾ തീരുമാനിച്ചാൽ ഇല്ലാതാക്കുമെന്നും സി.പി.എം നേതാക്കൾ. കുട്ടനാട്ടിൽ കരുത്തുതെളിയിക്കാൻ സി.പി.എം നടത്തിയ കാൽനടജാഥയുടെ സമാപനയോഗത്തിലെ പ്രസംഗത്തിലാണ് നേതാക്കൾ സി.പി.ഐക്കുനേരെ പരിഹാസവും രൂക്ഷവിമർശനവും ഉന്നയിച്ചത്. കൂടുതൽ പേർ സി.പി.എം വിട്ട രാമങ്കരി പഞ്ചായത്തിൽ നടന്ന ജാഥയുടെ സമാപന യോഗത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദ്, ഏരിയ കമ്മിറ്റി അംഗം സി.പി. ബ്രീവൻ എന്നിവരാണ് സി.പി.ഐയെ കടന്നാക്രമിച്ചത്. 25 വർഷം മുമ്പെടുത്ത അച്ചടക്കനടപടി മുൻകാലപ്രാബല്യത്തോടെ വേണ്ടെന്നുവെച്ചാൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അടക്കമുള്ളവർ സി.പി.എമ്മിലേക്ക് തിരികെ വരുമെന്ന് കെ. പ്രസാദ് പറഞ്ഞു.
സി.പി.ഐ ഈർക്കിൽ പാർട്ടിയാണ്. സി.പി.എമ്മിനൊപ്പം മുന്നണിയായി നിൽക്കുന്നതുകൊണ്ടാണ് നേരെനിൽക്കാൻ പറ്റുന്നത്. ആന വായ് പൊളിക്കുന്നതുകണ്ട് അണ്ണാൻ വായ് പൊളിച്ചിട്ട് കാര്യമില്ല. കഴുതയെപ്പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാർട്ടി വിട്ടതെന്ന പരിഹാസവുമുണ്ടായി. ഇരിക്കാൻ ആളില്ലാതെ സി.പി.ഐ ഓഫിസ് അടച്ചുപൂട്ടേണ്ടിവരും.
കേരളത്തിന്റെ പുരോഗതിയെ എതിർത്ത നിലപാട് സ്വീകരിച്ചവരാണ് സി.പി.ഐ. ആദ്യകാലത്ത് വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പമായിരുന്നു. മുന്നണി ഒക്കെ ഒന്നാണെങ്കിലും തുടക്കം മുതൽ സി.പി.ഐ അവസരവാദികളുടെ പാർട്ടിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.