Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹരിത നയം പൊളിച്ചെഴുതി ഋഷി സുനക്; ബ്രിട്ടനിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന നിരോധനം 2035...

ഹരിത നയം പൊളിച്ചെഴുതി ഋഷി സുനക്; ബ്രിട്ടനിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന നിരോധനം 2035 മുതൽ

ലണ്ടൻ: ബ്രിട്ടന്റെ സീറോ എമിഷൻ കാർ പോളിസിയിൽ കാതലായ മാറ്റങ്ങൾ വരുത്തി പ്രധാനമന്ത്രി ഋഷി സുനക്. 2030 മുതൽ പുതിയ ഡീസൽ, പെട്രോൾ കാറുകളുടെ വിൽപന പൂർണമായും നിരോധിക്കാനുള്ള ബോറിസ് ജോൺസൺ സർക്കാരിന്റെ തീരുമാനമാണ് സുനക് തിരുത്തിയത്. 2035 മുതലാകും ഈ നിരോധനം പ്രാബല്യത്തിലാകുക. ഇതോടൊപ്പം വീടുകളിൽ ഗ്യാസ് ബോയിലറുകൾ മാറ്റി ഇലക്ട്രിക് ഹീറ്റിങ് സംവിധാനം സ്ഥാപിക്കാനുള്ള ക്യാഷ് ഇൻസെന്റീവ് 50 ശതമാനം വർധിപ്പിച്ചു. നിലവിൽ 5000 പൗണ്ടായിരുന്നു ഇതിനായി ഓരോ വീടിനും അനുവദിച്ചിരുന്നത്. ഇത് 7,500 പൗണ്ടായി വർധിപ്പിച്ചു.

മുൻ സർക്കാരിന്റെ സീറോ എമിഷൻ പോളിസിയിൽ വെള്ളം ചേർക്കുകയല്ല, മറിച്ച് സാധാരണക്കാർക്ക് താങ്ങാനാവാത്ത അധികച്ചെലവുകൾ ഒഴിവാക്കി ലക്ഷ്യം കാണാനുള്ള മാർഗം എളുപ്പമാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് ഋഷി സുനക് വ്യക്തമാക്കി. 

2035 മുതൽ പുതിയ ഗ്യാസ് ബോയിലറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിൽപന നിരോധനം തുടരും. എന്നാൽ ഗ്യാസ് ബോയിലറുകൾ നിർബന്ധമായും മാറ്റി സ്ഥാപിക്കണമെന്ന നിബന്ധനയിൽനിന്നു പാവപ്പെട്ട കുടുംബങ്ങളെ ഒഴിവാക്കും. വാടകയ്ക്ക് നൽകുന്ന എല്ലാ കെട്ടിടങ്ങൾക്കും 2025 മുതൽ ഗ്രേഡ് സി നിലവാരത്തിനു മുകളിലുള്ള എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിബന്ധനയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

2050 ആകുമ്പോൾ ബ്രിട്ടനെ കാർബൺ രഹിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു സർക്കാർ പുറകോട്ടില്ലെന്നും അതിനുള്ള മാർഗങ്ങളിൽ പ്രായോഗികമായ ചില മാറ്റങ്ങൾ വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള നടപടികൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരം ഇളവുകൾ വരുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സർക്കാർ നീക്കം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നാണ് മോട്ടർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ നിലപാട്. ഫോഡ് അടക്കമുള്ള കാർ നിർമാണ കമ്പനികൾ സർക്കാരിന്റെ നയംമാറ്റത്തിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. 

ജനന്മയ്ക്കായുള്ള അഭിലാഷവും പ്രതിബദ്ധതയും അതനുസരിച്ചുള്ള ഉറച്ച നടപടികളുമാണ് ബിസിനസ് രംഗത്തുള്ളവർ സർക്കാരുകളിൽനിന്നു പ്രതീക്ഷിക്കുന്നതെന്നും ഇതു മൂന്നും ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നുമായിരുന്നു ഫോഡ്-യുകെ ചെയർ ലിസ ബ്രാൻകിന്റെ പ്രതികരണം. 

എന്നാൽ ജനങ്ങളെ പാപ്പരാക്കി രാജ്യത്തെ രക്ഷിക്കാനില്ലെന്ന് പ്രഖ്യാപിച്ചാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ അടക്കമുള്ള മുതിർന്ന മന്ത്രിമാർ സർക്കാരിനു പ്രതിരോധം തീർക്കുന്നത്. 

നേരത്തേയുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡീസൽ, പെട്രോൾ കാറുകളുടെ നിർമാണം കുറച്ച് ഇലക്ട്രിക് കാറുകളുടെ നിമാണത്തിലേക്ക് വൻകിട കമ്പനികൾ ചുവടുമാറ്റിയിരുന്നു. ഈ മാറ്റങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നടപടിയായാണ് കമ്പനികൾ സർക്കാർ തീരുമാനത്തെ കാണുന്നത്. 

സ്ഥിരതയില്ലാത്ത സർക്കാർ നിലപാടിനെ മുഖ്യ പ്രതിപക്ഷ പാർട്ടികളായ ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments