ഹാങ്ങ്ചോ: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് വിസയും അക്രഡിറ്റേഷനും നിഷേധിച്ചതിനെ തുടര്‍ന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി. ചൈനയിലെ ഹാങ്ങ്ചോവില്ർ നടക്കുന്ന ഏഷ്യന്‍ ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങ് സെപ്തംബർ 23നാണ്. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ചൈന സന്ദർശിക്കുന്നതിൽ നിന്നാണ് അനുരാഗ് താക്കൂര്‍ പിന്മാറിയിരിക്കുന്നത്. ചൈനീസ് അധികൃതര്‍ ബോധപൂര്‍വ്വം അരുണാചലില്‍ നിന്നുള്ള ഇന്ത്യന്‍ കായികതാരങ്ങളെ ലക്ഷ്യമിട്ടുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. അരുണാചലില്‍ നിന്നുള്ള കായികതാരങ്ങളോട് ചൈനീസ് അധികൃതര്‍ വിവേചനം കാണിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു താരങ്ങൾക്കാണ് ചൈനീസ് അധികൃതർ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചത്.
‘വാസസ്ഥലത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന നടപടിയെ ഇന്ത്യ നിരാകരിക്കുന്നു. ദീര്‍ഘകാലമായി ഇന്ത്യ പിന്തുടരുന്ന സ്ഥിരതയുള്ളതുമായ നിലപാടിന് വിരുദ്ധമാണ് ഇത്തരം വിവേചനം. അരുണാചല്‍ പ്രദേശ് എല്ലാക്കാലവും ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനപ്പെടുത്താന്‍ സാധ്യമല്ലാത്തതുമായ പ്രദേശമാണ്’; എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയത്. താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയില്‍ നിക്ഷിപ്കമാണെന്നും ബാഗ്ചി ചൂണ്ടിക്കാണിച്ചു.
അരുണാചലല്‍ പ്രദേശിന് മേല്‍ ചൈന ഉയര്‍ത്തുന്ന അവകാശവാദത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈന അരുണാചലിനെ സൗത്ത് ടിബറ്റ് എന്ന് വിശേഷിപ്പിച്ച് അവരുടെ ഭാഗമാണെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം അരുണാചലിനെയും അക്‌സായി ചിന്‍ പ്രദേശത്തെയും ചൈനയുടെ ഭാഗമായി ഉള്‍പ്പെടുത്തി ചൈന സ്റ്റാന്‍ഡേര്‍ഡ് മാപ്പ് പുറത്തിറക്കിയത് വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.
ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചൈനീസ് ഭൂപടത്തെ തള്ളിക്കളഞ്ഞ ജയശങ്കര്‍ ബീജിംഗിന് അത്തരം ഭൂപടങ്ങള്‍ പുറത്തിറക്കുന്ന ഒരു ‘ശീലം’ ഉണ്ടെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ‘ഇത് ഒരു കാര്യത്തിലും മാറുന്നില്ല. ഞങ്ങളുടെ പ്രദേശം ഏതാണെന്ന് നമ്മുടെ സര്‍ക്കാരിന് വളരെ വ്യക്തമാണെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ചൈനയുടെ അവകാശവാദങ്ങളെ ‘അസംബന്ധം’ എന്നായിരുന്നു ജയശങ്കര്‍ വിശേഷിപ്പിച്ചത്.
‘നിയമപ്രകാരമുള്ള പരമാധികാരത്തിന്റെ സാധാരണ നിലയിലുള്ള പ്രയോഗമാണ് വിവാദ ഭൂപടം’ എന്നായിരുന്നു ഇന്ത്യയുടെ നിലപാടിനോടുള്ള ചൈനയുടെ പ്രതികരണം.