കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 19 ലക്ഷം രൂപയാണ് തട്ടിയത്. കോഴിക്കോട് പന്നിയങ്കര സ്വദേശി ഫാത്തിമയ്ക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്. പല തവണയായാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആയിരം രണ്ടായിരം എന്നിങ്ങനെയായിരുന്നു നഷ്ടമായത്. പിന്നീട് ലക്ഷങ്ങൾ നഷ്ടപ്പെടുകയായിരുന്നു.
ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള ദിവസങ്ങളിലാണ് പണം നഷ്ടമായത്. 1992ൽ ആരംഭിച്ച അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്. തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ ഫോൺ നമ്പർ ഉപയോഗിച്ചാണോ എന്ന് സംശയമുണ്ട്. സംഭവത്തിൽ കോഴിക്കോട് സൈബർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.