റിയാദ്: സൗദി അറേബ്യയുടെ 93-ാമത് ദേശീയദിനാഘോഷം ഇന്ന്. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ. പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ വർണശബളമായ പരിപാടികളാണ് ദിവസങ്ങൾക്ക് മുേമ്പ ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ രണ്ടാം തീയതി വരെ ആഘോഷം തുടരും. സ്വദേശി വിദേശികളും ഒരുപോലെ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യം മുഴുവൻ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ദേശീയദിനാഘോഷം ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ് അരങ്ങേറുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർണശബളമായ പരിപാടികളാണ് സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ഒരുക്കിയിട്ടുള്ളത്. സൈനിക പരേഡ്, വ്യോമാഭ്യാസ പ്രകടനം, ഡ്രോൺ ഷോ, സംഗീത കച്ചേരികൾ, കരിമരുന്ന് പ്രയോഗം, ചരിത്രപ്രദർശനം, മത്സര പരിപാടികൾ തുടങ്ങിയവ അരങ്ങേറും. കൂടാതെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക് കീഴിലും വിവിധ പരിപാടികൾ നടന്നുവരികയാണ്.
ആകർഷമായ കിഴിവുകളും ഒാഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതത് മുനിസിപ്പാലിറ്റികളും ദേശീയാഘോഷത്തിെൻറ ഭാഗമായി വമ്പിച്ച പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ താമസക്കാരായ ആളുകളുടെ കൂട്ടായ്മകൾ ചരിത്ര പഠന, വിനോദ യാത്രകൾ, ക്വിസ് മത്സരങ്ങൾ, കായിക വിനോദ വൈജ്ഞാനിക പ്രദർശന പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. നാല് ദിവസം മുമ്പേ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ അടുത്ത മാസം രണ്ടാം തീയതി വരെ നീളും. ദേശീയദിനമായ ശനിയാഴ്ച രാജ്യത്ത് പൊതു അവധിയാണ്.