ജീമോൻ റാന്നി
ഹൂസ്റ്റണ്‍: ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എയുടെ (ഒഐസിസി യൂഎസ്എ) നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബർ 22 നു വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫോഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിലായിരുന്നു സ്വീകരണ ചടങ്ങുകൾ.
എല്ലാ മതങ്ങളേയും അംഗീകരിക്കുകയും അതില്‍ വിശ്വാസിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം വര്‍ഗീയതയാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നത് ദു:ഖകരമാണ്. ന്യൂനപക്ഷത്തെ ചൂഷണം ചെയ്തും മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും നീങ്ങുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നമുക്ക് നേരിടണം.
മതേതരത്വമെന്ന ഇന്ത്യന്‍ മൂല്യത്തെ ഉയര്‍ത്തിപിടിക്കാന്‍ നമുക്ക് കഴിയണം.എല്ലാ മതങ്ങളെയും ഉൾക്കൊള്ളുവാൻ കഴിയുന്ന, എല്ലാവരെയും ഹൃദയത്തോട് ചേർത്തു നിർത്തുന്ന മതമാണ് ഹിന്ദു മതം. അതാണ് ഇന്ത്യയുടെ പാരമ്പര്യം. ഞാനും ഒരു ഹിന്ദുവാണ് പക്ഷേ ഞാൻ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ല: ഉജ്ജ്വലമായ തന്റെ പ്രസംഗത്തിൽ വികാരഭരിതനായി രമേശ് പറഞ്ഞു.
രാജ്യം ഇന്ന് കൈവരിച്ച നേട്ടങ്ങളുടെയെല്ലാം തുടക്കം കോണ്‍ഗ്രസില്‍ നിന്നാണ്. മതേതരത്വത്തിനുവേണ്ടി എക്കാലവും ശബ്ദമുയര്‍ത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്. അതുകൊണ്ടുതന്നെയാണ് ജോഡോ യാത്രയുമായി രാഹുലെത്തിയത്. അത് രാജ്യത്തുണ്ടാക്കിയത് വലിയ മാറ്റങ്ങളാണെന്നു നാം തിരിച്ചറിയണം.
കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് സംസ്ഥാന സര്‍ക്കാര്‍. കോവിഡില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമായിരുന്നില്ല. കിറ്റിന്റെ പേരില്‍ ജനങ്ങളെ വഴിതിരിച്ചുവിട്ടു. എന്നാലിന്ന് അതല്ല സ്ഥിതി. ദുര്‍ഭരണം ജനങ്ങളെ മടുപ്പിച്ചു. ഉപതിരഞ്ഞെടുപ്പിലെ വിജയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. സൗകര്യപൂര്‍വം മാത്രം വായ തുറക്കുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണ്.
കോവിഡ് പ്രവാസികള്‍ക്കിടയില്‍ ക്രിയാതാമകമായി ഇടപെടാന്‍ കഴിഞ്ഞ സംഘടനയാണ് ഒഐസിസി. മരണത്തോടു മുഖാമുഖം നിന്ന ഒരുപാട് ജീവനുകള്‍ക്ക് ആശ്വസമാകാന്‍ ഒഐസിസിക്ക് കഴിഞ്ഞു. ഒഐസിസി മറ്റ് സംഘടനകള്‍ക്ക് മാതൃകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വീകരണയോഗം മുന്‍മന്ത്രി പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി യുഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ആമുഖ പ്രസംഗം നടത്തി. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതവും നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, മുൻ ഫോമാ പ്രസിഡന്റ് ശശിധരൻ നായർ, കെ.എച്ച്.എൻ.എ പ്രസിഡന്റ് ജി.കെ. പിള്ള, മാഗ് പ്രസിഡന്റ് ജോജി ജോസഫ് , ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്പ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ബ്രൂസ് കൊളംബായിൽ, റീജിയണൽ വൈസ് പ്രസിഡന്റ് പൊന്നു പിള്ള, ഫൊക്കാന പ്രതിനിധി രഞ്ജിത്ത് പിള്ള ടെക്സസ് കൺസർവേറ്റീവ് പ്രതിനിധി ടോം വിരിപ്പൻ, ഡാളസ് ഒ ഐ സി സി പ്രതിനിധി ഡോ. ഷിബു സാമുവൽ, ജേക്കബ് കുടശ്ശനാട് എന്നിവർ പ്രസംഗിച്ചു