Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കെ എം ഷാജിയുടേത് സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ പ്രസ്താവനയെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍.മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

അന്തവും കുന്തവം തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്ലിം ലീഗ് വേദിയില്‍ സംസാരിക്കവെ കെ എം ഷാജി പറയുന്നുണ്ട്.ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ ഇടത് പക്ഷത്തിന് സന്തോഷമാണെന്നും അദ്ദേഹം ആരോപിച്ചു. മുതലെടുക്കാനും മുഖ്യമന്ത്രിക്ക് പത്ര സമ്മേളനം നടത്താനുമുള്ള അവസരമായാണ് ദുരന്തങ്ങളെ കാണുന്നത്. നിപയെ സര്‍ക്കാര്‍ അവസരമായി എടുക്കരുത്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെയുമാണ് ഓര്‍മ്മ വരുന്നതെന്നും കെ എം ഷാജി പരിഹസിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments