ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണിത്.
പുതിയ നിയമം ഇങ്ങനെ
ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) 10 വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ (ഡബ്ല്യൂ.എഫ്.എം.ഇ) അംഗീകാരത്തിന് അര്‍ഹത നേടിയതോടെയാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്. ഇതിലൂടെ യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവക്ക് പുറമെ ഡബ്ല്യൂ.എഫ്.എം.ഇ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളില്‍ കൂടി ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
പുതിയ അക്രഡിറ്റേഷന് നേടിയതോടെ നിലവിലുള്ള 706 മെഡിക്കല്‍ കോളജുകളും ഡബ്ല്യൂ.എഫ്.എം.ഇ അംഗീകാരം നേടുകയും വരുന്ന 10 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുന്ന പുതിയ മെഡിക്കല്‍ കോളജുകള്‍ സ്വയമേവ ഡബ്ല്യൂ.എഫ്.എം.ഇ അംഗീകാരം ലഭിക്കുകയും ചെയ്യും. കൂടാതെ ആഗോള തലത്തില്‍ മികച്ച രീതികളോടും മാനദണ്ഡങ്ങളോടും കൂടി യോജിപ്പിച്ച് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള പദവിയും നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ലഭിക്കും.
പുതിയ തീരുമാനത്തിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പുരോഗതിയും നവീകരണവും പ്രോത്സാഹിപ്പിക്കാനും മെഡിക്കല്‍ അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ ഗുണനിലവാരം ഉറപ്പുനല്‍കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.