ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന് കളർഫുൾ തുടക്കം. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19–ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങാണ് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റും വേദിയിൽ നടന്നു. അഫ്ഗാനിസ്ഥാൻ ആണ് മാർച്ച് പാസ്റ്റിൽ ആദ്യം പങ്കെടുത്തത്. അഫ്ഗാനിൽ നിന്ന് 130 പുരുക്ഷ അത്ലറ്റുകളാണ് ഏഷ്യാഡിൽ പങ്കെടുക്കുന്നത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാകയും വേദിയിൽ ഉയർത്തി.
ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്ലിന ബോര്ഗൊഹെനും ഇന്ത്യൻ പതാകയേന്തി. കാക്കി നിറത്തിലുള്ള സാരി ധരിച്ചാണ് ലവ്ലിന ഇന്ത്യൻ പതാകയേന്തിയത്. കുർത്തയായിരുന്നു ഹർമ്മൻ പ്രീതിന്റെ വേഷം. 650തിലധികം വരുന്ന ഇന്ത്യൻ കായിക സംഘം കൈയിൽ ത്രിവർണ പതാകയുമായി പതാകവാഹകരെ അനുഗമിച്ചു.
പരമ്പരാഗത ചൈനീസ് കലാരൂപങ്ങളും കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള ആധുനിക സാങ്കേതിക വിദ്യയും ചേർത്തിണക്കിയ കലാരൂപങ്ങളാണ് ചൈന വേദിയിൽ അവതരിപ്പിച്ചത്. ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പ് 16 ദിവസം നീണ്ടുനിൽക്കും. 45 രാജ്യങ്ങൾ ഏഷ്യൻ കായിക മാമാങ്കത്തിൽ പങ്കെടുക്കും.