ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 78-ാമത് സെഷനില്‍ പാകിസ്താൻ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാക്കര്‍ നടത്തിയ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനത്തിന്റെ താക്കോൽ കശ്മീരാണെന്നും ഇന്ത്യയുൾപ്പെടെ എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനറല്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റിയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്‌ലോട്ട് ആണ് പാകിസ്താന് ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. ഇന്ത്യയുടെ അധിനിവേശ പ്രദേശങ്ങൾ പാകിസ്താൻ ഒഴിയണമെന്നും അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രസ്താവന നടത്താൻ പാകിസ്താന് അധികാരമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് നേരെ വിരൽ ചൂണ്ടാൻ ശ്രമിക്കുന്നതിന് മുമ്പ് പാകിസ്താൻ സ്വന്തം വീട് നന്നാക്കുന്നതാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക. അതിർത്തി കടന്നുള്ള ഭീകരവാദം തടയുക, തീവ്രവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർത്തലാക്കുക, നിയമവിരുദ്ധ അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യൻ പ്രദേശങ്ങളിൽനിന്ന് ഒഴിയുക എന്നിവ അടിയന്തരമായി ചെയ്യേണ്ടതാണ്. മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഇത്തരം പ്രസ്താവനകൾ പാകിസ്താൻ നടത്തുന്നത്.
അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഏറ്റവും കൂടുതൽ തീവ്രവാദ സംഘടനകളുള്ള രാജ്യമാണ് പാകിസ്താൻ. ന്യൂനപക്ഷങ്ങൾക്കെതിരായ ഗുരുതരമായതും നിരന്തരമായതുമായ മനുഷ്യാവകാശ ലംഘനങ്ങൾ അവർ അവസാനിപ്പിക്കണം എന്നും ഗഹ്‌ലോട്ട് ആവശ്യപ്പെട്ടു.