തിരുവനന്തപുരം: മലയാള സിനിമയുടെ ഇതിഹാസ പർവം നടൻ മധുവിന്റെ നവതി ആഘോഷമാക്കി സിനിമ സാംസ്കാരിക രാഷ്ട്രീയ ലോകം. ശനിയാഴ്ച 90 വയസ്സ് പൂർത്തിയാക്കിയ താരത്തിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ അടക്കം നൂറുകണക്കിനു പേർ കണ്ണമ്മൂലയിലെ ‘ശിവഭവന’ത്തിലേക്ക് ഒഴുകിയെത്തി. മോഹൻലാൽ ഉച്ചയോടെയാണ് സമ്മാനവുമായി പ്രിയതാരത്തെ കാണാനെത്തിയത്.
കവിളത്തൊരു മുത്തം നൽകി താരം മധുവിന് ആശംസകൾ നേർന്നു. വെള്ളിയാഴ്ചയും മധുവിനെ കാണാൻ മോഹൻലാൽ എത്തിയിരുന്നു. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, നടന്മാരായ മുകേഷ്, ഇടവേള ബാബു, സുധീർ കരമന, മധുപാൽ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും വീട്ടിലെത്തി ആശംസകൾ അർപ്പിച്ചു.
വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം ഫിലിം ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ‘മധുമൊഴി: ആഘോഷപൂര്‍വം ഇതിഹാസപര്‍വം’ എന്ന പേരില്‍ ആദരവ് സംഘടിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഓൺലൈൻ വഴിയാണ് മധു പങ്കെടുത്തത്. മോഹൻലാൽ, ദിലീപ്, സിദ്ദീഖ്, ബിജു മേനോൻ, മണിയൻപിള്ള രാജു തുടങ്ങിയ വൻ താരനിരയും മധുവിന്റെ സിനികളിലെ ആദ്യകാല നായികമാരായിരുന്നു സീമ, ജലജ, മേനക, അംബിക, ശ്രീലത നമ്പൂതിരി അടക്കമുള്ളവരും സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരും ജി. സുരേഷ് കുമാർ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
ഓഡിറ്റോറിയത്തിലെ ബിഗ് സ്ക്രീനിൽ പുഞ്ചിരിയുമായി ഇരുന്ന മധുവിനോട് മോഹൻലാലാണ് ആദ്യ ചോദ്യം ചോദിച്ചത്. തത്ത്വചിന്താപരമായ മനസ്സ് ജീവിതത്തിലുണ്ടായത് എങ്ങനെയെന്നാണ് ലാലിന് അറിയേണ്ടിയിരുന്നത്. എന്നാൽ, അത്തരമൊരു മനഃസ്ഥിതി ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നായിരുന്നു മധുവിന്റെ മറുപടി. മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ നൽകാനുള്ള ഉപദേശം എന്താണെന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചോദ്യത്തിന് ഞാൻ അവർക്ക് ഉപദേശം നൽകണോ അവർ എന്നെ ഉപദേശിക്കണോയെന്ന ആശയക്കുഴപ്പത്തിലാണെന്നായിരുന്നു മധുവിന്റെ രസകരമായ മറുപടി.
ഇവരെല്ലാം തന്നെ വളരെയധികം വളർന്നുകഴിഞ്ഞു. അവരെ ഇപ്പോൾ കാണുമ്പോൾ ഇത്രയും നമുക്ക് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് തോന്നാറുണ്ട്. പ്രായത്തിൽ അവരെല്ലാം ജൂനിയർ ആണെങ്കിലും തന്റെ മനസ്സിൽ അവർ സീനിയേഴ്സാണെന്നും നിറഞ്ഞ കൈയടിക്കിടെ മധു പറഞ്ഞു.
മധു അഭിനയിച്ച 400 ഓളം ചിത്രങ്ങളിലെ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ അടക്കമുള്ള ഗായകർ ഗാനങ്ങൾ ആലപിച്ചു. നടൻ മോഹൻലാലായിരുന്നു സംഗീതസന്ധ്യക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടൻ മോഹൻലാലിന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും സീമയുടെയും നേതൃത്വത്തിൽ താരങ്ങളും ഗായകരും സംവിധായകരും നിർമാതക്കളുമടങ്ങിയ 16 അംഗ സംഘം വീട്ടിലെത്തി മധുവിന് സ്നേഹസമ്മാനം നൽകി.