ന്യൂഡല്‍ഹി: കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാര്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കാനഡയെ അറിയിച്ച് ഇന്ത്യ. ഇത് സംബന്ധിച്ച തെളിവുകളും കേന്ദ്ര വിദേശകാര്യമന്ത്രാലയം കൈനഡയ്ക്ക് കൈമാറി.
നിജ്ജറിനെ പിടികൂടാന്‍ 2014ല്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും ഇന്ത്യ കാനഡയെ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളുമടക്കം ഒരു ഡസനിലേറെ ക്രിമിനല്‍ കേസുകള്‍ നിജ്ജറിനെതിരെ ഇന്ത്യയില്‍ ചുമത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കാനഡയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കാനഡ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്നും വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
2014ല്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ഹര്‍ദീപ് സിങ് നിജ്ജര്‍ പദ്ധതിയിട്ടിരുന്നു. കാനഡയില്‍ എത്തിയ ശേഷമായിരുന്നു ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് അതിനായി ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. ഇവര്‍ക്ക് ബ്രിട്ടീഷ് കൊളംബിയയില്‍ ആയുധ പരിശീലനവും നല്‍കിയിരുന്നു. ഹരിയാനയിലെ സിര്‍സയിലുള്ള ദേര സച്ച സൌദ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാക്രമണം നടത്തായിരുന്നു നീക്കം. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചതിന് പിന്നാലെ ഈ നീക്കം പൊളിഞ്ഞു.
2015ല്‍ പഞ്ചാബിലും ഹര്‍ദീപ് സിങ് നിജ്ജര്‍ ഭീകരാക്രമണത്തിന് ശ്രമിച്ചിരുന്നു. 1980-90 കാലഘട്ടം മുതല്‍ ഇയാള്‍ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) അനുയായി ആയിരുന്നു. പിന്നീട് 2012 മുതല്‍ കെടിഎഫ് മേധാവിയായിരുന്ന ജഗ്താര്‍ സിങ് താരയുടെ വലംകൈ ആയി മാറി. 1996ല്‍ ഭീകരവാദ കേസില്‍ പ്രതിയായതിന് പിന്നാലെ വ്യാജ പാസ്‌പോര്‍ട്ടില്‍ കാനഡയിലെത്തിയ നിജ്ജര്‍ അവിടെ ട്രക്ക് ഡ്രൈവറായി മാറി. പിന്നീടാണ് പാകിസ്ഥാന്‍ സ്വദേശിയായ ജഗ്താര്‍ സിങ് താരയെ പരിചയപ്പെടുന്നത്.
2012ല്‍ വൈശാഖി ജാഥാ മെമ്പര്‍ എന്ന നിലയില്‍ നിജ്ജര്‍ പാകിസ്ഥാനിലെത്തി. തുടര്‍ന്ന് അവിടെ നിന്നാണ് ആയുധ പരിശീലനം നേടിയത്. തിരികെ കാനഡയിലെത്തിയ നിജ്ജര്‍ അവിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി കൂട്ടാളികള്‍ക്കൊപ്പം ആയുധക്കടത്തിലും ലഹരിക്കടത്തിലും വ്യാപൃതനായെന്നും ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.