ന്യൂഡൽഹി : ഇന്ത്യ–കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ് വിലയിരുത്തി.
‘ഇന്ത്യ–ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ല.’ – സിഗ്നം ചെയർമാൻ ചാൾസ് മയേഴ്സ് പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ചാൾസ് മയേഴ്സിന്റെ പ്രതികരണം.
ഖലിസ്ഥാൻ ഭീകരനായ കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു. ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു.