ദോഹ : എക്‌സ്‌പോ ദോഹയ്ക്ക് ഇനി ദിവസങ്ങൾ മാത്രം. 6 മാസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനത്തിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യാനൊരുങ്ങി രാജ്യം. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന തലക്കെട്ടിൽ ഒക്‌ടോബർ 2 മുതൽ മാർച്ച് 28 വരെ അൽബിദ പാർക്കിലാണ് എക്‌സ്‌പോ നടക്കുക. 30 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.
മധ്യപൂർവ-വടക്കൻ ആഫ്രിക്കൻ മേഖലയിൽ ഒരു അറബ് രാജ്യം ഇതാദ്യമായാണ് രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് വേദിയാകുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ആദ്യ ഹോർട്ടികൾചറൽ എക്‌സ്‌പോ എന്ന പ്രത്യേകതയുമുണ്ട്. 2500 വൊളന്റിയർമാരുടെ സേവനവുമുണ്ട്.
സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, നൂതന സാങ്കേതിക വിദ്യകളും കൃഷി രീതികളും പരിചയപ്പെടുത്തൽ എന്നിവയാണ് പരിസ്ഥിതിക്ക് ഊന്നൽ നൽകിയുള്ള എക്‌സ്‌പോയുടെ ലക്ഷ്യം. 88 രാജ്യങ്ങളുടെ പങ്കാളിത്തമാണ് സ്ഥിരീകരിച്ചത്. പരിസ്ഥിതിയിലെ വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാനത്തെയും മറികടക്കുന്നതിനുള്ള മാർഗങ്ങളും പരിഹാരങ്ങളും പ്രധാന ചർച്ചകളിലൊന്നാണ്. സമ്മേളനങ്ങൾ, ചെറുതും വലുതുമായ പ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, ശിൽപശാലകൾ എന്നിവയ്ക്ക് പുറമെ സന്ദർശകർക്കായി കുടുംബ, സൗഹൃദ വിനോദ പരിപാടികളും ഗെയിമുകളും തൽസമയ സ്‌റ്റേജ് ഷോകളും എല്ലാം ഒരുക്കിയിട്ടുണ്ട്.