കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി കൊച്ചി ഓഫീസിൽ. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടൻ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് വിവരം. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാനാണ് വിളിച്ചുവരുത്തിയത്. അയ്യന്തോൾ ബാങ്ക് പ്രസിഡന്റിനെയും വിളിച്ചുവരുത്തും. ഇതിന് ശേഷമാകും എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകണോ എന്നതിൽ തീരുമാനമെടുക്കുക.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ എ സി മൊയ്തീൻ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ ഇഡി ഇന്ന് തീരുമാനമെടുക്കും. ബെനാമി ലോൺ തട്ടിപ്പിൽ എ സി മൊയ്തീനിനെതിരെ തെളിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേരത്തെ രണ്ടാം തവണയും ചോദ്യം ചെയ്യതിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭയിൽ ക്ലാസ് ഉണ്ടെന്ന് ചൂണ്ടികാട്ടി എ സി മൊയ്തീൻ വിട്ട് നിൽക്കുകയായിരുന്നു. നിലവിൽ അറസ്റ്റിലുള്ള സതീഷ് കുമാർ, ലോൺ എടുത്ത് മുങ്ങിയ അനിൽ കുമാർ അടക്കമുള്ളവരുമായി എ.സി മൊയ്തീനിന് അടുത്ത ബന്ധമാണുള്ളത്. തൃശ്സൂരിൽ കൂടുതൽ പരിശോധനകളും വേണ്ടിവരുമെന്നാണ് ഇഡി അറിയിക്കുന്നത്. ഇഡിയ്ക്കെതിരെ പരാതി ഉന്നയിച്ച പി.ആർ അരവിന്ദാക്ഷൻ, അനൂപ് കാട, അടക്കമുള്ളവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. അതേ സമയം, ഇഡി ഉദ്യോഗസ്ഥർ വ്യാജ മൊഴി നൽകാൻ മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ 7 ദിവസം പിന്നിട്ടിട്ടും പോലീസ് കേസ് എടുത്തിട്ടില്ല.