തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലേത് 57 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തൽ. ബാങ്ക് പ്രസിഡൻറും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്‍റെ സൂത്രധാരനെന്നാണ് സഹകരണ റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദ്ദേശം.
കണ്ടല സര്‍വീസ് സഹകരണ ബാങ്കിലേത് കോടികളുടെ തട്ടിപ്പും ഗുരുതര ക്രമക്കേടുമെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. ഈടില്ലാതെ ലക്ഷങ്ങള്‍ വായ്പ നൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്‍റ് ഭാസുരാംഗന്‍റെയും ജീവനക്കാരുടെയും ബന്ധുക്കള്‍ക്കായിരുന്നു. ഒരേ ഭൂമി ഈടുവച്ച് ഒന്നിലധികം വായ്പകള്‍ ഒരു സമയം നൽകി. ഓരോ വായ്പയിലും ഭൂമിക്ക് തോന്നും പടി മൂല്യം നിര്‍ണയം നടത്തി. വായ്പ കുടിശ്ശികയിൽ ആര്‍ബിട്രേഷൻ നടപടികള്‍ നടത്താതെയും ബാങ്കിന് നഷ്ടമുണ്ടാക്കി.
ഭാസുരാംഗൻ ഭാരവാഹിയായ മാറനല്ലൂര്‍ ക്ഷീര സംഘത്തിനും ക്രമവിരുദ്ധമായി പണം നൽകി. സംഘത്തിൽ സഹകരണ ബാങ്ക് 5 ലക്ഷം രൂപയുടെ ഓഹരിയുമെടുത്തു. ഇതും ഭാസുരാംഗന്‍റെ സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കാനെന്നാണ് സഹകരണ റജിസ്ട്രാറുടെ കണ്ടെത്തൽ. ചില നിക്ഷേപകരെ സഹകരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നതിനെക്കാള്‍ പലിശ നൽകി സഹായിക്കുകുയും ചെയ്തു. നിക്ഷേപകര്‍ അറിയാതെ പണം വകമാറ്റിയെന്നും കണ്ടെത്തി. ബാങ്ക് തുടങ്ങിയ ആശുപത്രിയിലേയ്ക്കടക്കം ഇങ്ങനെ പണം മാറ്റി. ഈ ആശുപത്രിയിലും ബാങ്കിലും അനുമതിയില്ലാതെ തസ്തിക സൃഷ്ടിച്ചും സ്ഥാനക്കയറ്റം നൽകിയും ജീവനക്കാര്‍ക്ക് കമ്മീഷൻ നൽകിയും വാഹനങ്ങള്‍ വാങ്ങിയും ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. ഇങ്ങനെ തട്ടിപ്പിലൂടെയും ക്രമക്കേടിലൂടെയും ബാങ്കിന് നഷ്ടമായത് 57 കോടി 24 ലക്ഷം രൂപയാണ്.
ഭരണസമിതി അംഗങ്ങളായ 21 പേരിൽ നിന്ന് ഈ പണം തിരിച്ചു പിടിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ഓരോരുത്തരിൽ നിന്നും തിരിച്ചു പിടിക്കേണ്ട തുകയും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപകരുടെ പരാതിയിൽ ഇതേവരെ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. പക്ഷെ ഒരു തുടർനടപടിയുമില്ല. കോടികളുടെ വെട്ടിപ്പ് കണ്ടത്തിയ ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലെങ്കിലും എന്തെങ്കിലും നടപടി പൊലിസ് സ്വീകരിക്കുമോയെന്നാണ് നിക്ഷേപകരുടെ ചോദ്യം.