കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ലാതെ ഹൈദരാബാദിൽ മത്സരിക്കാനുള്ള ചങ്കുറപ്പുണ്ടോ? കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും ഒവൈസി.
‘ഞാൻ നിങ്ങളുടെ നേതാവിനെ വെല്ലുവിളിക്കുന്നു..ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽ നിന്ന് മത്സരിക്ക്. വലിയ വാചക കസർത്തു നടത്താതെ നേരിട്ടു മത്സരത്തിനിറങ്ങൂ. കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകാം, പക്ഷേ നേരിടാൻ ഞാൻ തയാറാണ്’ – തന്റെ പാർലമെന്റ് മണ്ഡലമായ ഹൈദരാബാദിൽ സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എഐഎംഐഎം എംപി.
കോൺഗ്രസ് ബിജെപിയുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തത് കോൺഗ്രസിന്റെ ഭരണത്തിൻ കീഴിലാണെന്നും ഒവൈസിആരോപിച്ചു. മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കോൺഗ്രസ് നടപടിയെടുത്തില്ല. മോദിക്കെതിരായ പോരാട്ടത്തിൽ താൻ ഒറ്റയ്ക്കാണെന്നും ഒവൈസി. ബിജെപി, ബിആർഎസ്, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് നേരിടുന്നതെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.