ഒബിസി വിഷയം വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് വിവരങ്ങള്‍ നരേന്ദ്രമോദി എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു.(Rahul Gandhi again raised Caste Census)
ലോക്‌സഭയില്‍ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചതിന് തന്റെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്യവെയാണ് രാഹുല്‍ ഗാന്ധിയുടെ, നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണം. മോദിയുടെ കൈവശം ഒരു റിമോട്ട് കണ്‍ട്രോള്‍ ഉണ്ട്. പക്ഷേ അദ്ദേഹമത് രഹസ്യമായി വച്ചിരിക്കുകയാണ്. ഞങ്ങളത് പരസ്യമായി തുറന്നുവിട്ടു. എന്നാല്‍ ബിജെപി അതിനനുവദിക്കുന്നില്ല. മുംബൈ എയര്‍പോര്‍ട്ട് അടക്കം അദാനിക്ക് വിട്ടുകൊടുത്ത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സ്വകാര്യവത്ക്കരിക്കുകയാണ്’. രാഹുല്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ തുരുമ്പിച്ച പാര്‍ട്ടിയെന്ന് പരിഹസിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രത്യാക്രമണം.
കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരില്‍ ഒബിസി വിഭാഗത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. ജാതി സെന്‍സസ് നടത്തുന്നതിലൂടെ ദളിതര്‍, ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങള്‍ എത്ര പേരുണ്ടെന്ന് അറിയാനാകും. എന്നാല്‍ സര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.