Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനെടുമ്പം ഗ്രാമപഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: ഉപവാസ സമരത്തിനിടെ സി.പി.എം-കോൺഗ്രസ് സംഘർഷം

നെടുമ്പം ഗ്രാമപഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: ഉപവാസ സമരത്തിനിടെ സി.പി.എം-കോൺഗ്രസ് സംഘർഷം

തിരുവല്ല: സി.പി.എം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിനിടെ സംഘർഷം. ഉപവാസ സമര സമാപന ചടങ്ങിലാണ് സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

സംഭവത്തെ തുടർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊടിയാടി ജംങ്ഷനിൽ തിരുവല്ല-അമ്പലപ്പുഴ റോഡ് ഉപരോധിച്ചു. ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുമാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് ഏകദിന ഉപവാസ സമരം നടത്തിയത്.

വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എൻ.ആർ.ഇ.ജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വാഹനജാഥ അഞ്ചേമുക്കാലോടെ പൊടിയാടി ജംങ്ഷനിൽ എത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പായി കോൺഗ്രസിന്റെ ഉപവാസ സമരപ്പന്തലിന് സമീപമായി എൻ.ആർ.ഇ.ജിയുടെ വാഹനജാഥ നിർത്തി പ്രസംഗം ആരംഭിച്ചു.

കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെ ആണ് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇടത് നേതാക്കൾ ഉച്ചഭാഷിണിയിലൂടെ പ്രസംഗം തുടർന്നതോടെ അത് നിർത്തിവെക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് ഇതിന് തുനിയാതെ വന്നതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രവർത്തകരും റോഡ് ഉപരോധിച്ചത്.

ഇതിനിടെ ഡിവൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ തുനിഞ്ഞു. ഇതോടെ സംഭവത്തിൽ തിരുവഞ്ചൂർ ഇടപെട്ടു. ഡിവൈ.എസ.പിയുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് റോഡിൽ വച്ച് തന്നെ നടന്ന ഉപവാസ സമാപന പ്രസംഗത്തിൽ പൊലീസ് സി.പി.എമ്മിന് കുടപിടിക്കുകയാണെന്ന ആക്ഷേപം ഉയർത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments