ക്വാലലംപുർ: മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ജെ.എം.കെ യുടെ ഓണാഘോഷം സംഘടിപ്പിച്ചു. മലേഷ്യയിലെ വിവിധ മേഖലകളിൽ നിന്നുമെത്തിയ മലയാളികൾ വർണാഭമായ പൂക്കളം തീർത്താണ് ആഘോഷത്തിന് തുടക്കമിട്ടത്.
ഞായറാഴ്ച രാവിലെ പത്തരയോടുകൂടി ജോഹോറിലെ കമ്പോങ് ബക്കർ ബത്തു മുവാഫാക്കാത്ത് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിന് വീശിഷ്ടാഥിതികളായി ഇന്ത്യൻ ഹൈകമ്മീഷൻ കമ്മ്യൂണിറ്റി ആൻഡ് ലേബർ വിഭാഗം കൗൺസിലർ മിസ് അമൃത ദാസ്, ജോഹോറിൽ നിന്നുള്ള പാർലമെന്റ് അംഗം വൈബി വോങ് ഷു ചി, ജോഹോർ രാജാവിന്റെ പേഴ്സണൽ ഓഫീസറും ഇന്ത്യൻ വംശജനുമായ വൈബി ദത്തോ സുകുമാരൻ രാമൻ, വിവിധ എൻ.ജി.ഒ ചെയർമാൻ ദത്തോ പുരുഷോത്തമൻ കുഞ്ഞമ്പൂ, പ്രശസ്ത അഡ്വക്കേറ്റും എഴുത്തുകാരനുമായ അഡ്വ:ശിലാദാസ് എന്നിവർ ചേർന്ന് തിരി തെളിയിച്ചു.
പിന്നണി ഗായകൻ രതീഷ് കുമാറും ഏഷ്യാനെറ്റ് ജൂനിയർ സ്റ്റാർ സിംഗർ സീസൺ അഞ്ചിലെ വിജയി കുമാരി പല്ലവി രതീഷും ചേർന്നുള്ള ഗാനങ്ങളുമുണ്ടായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് തയാറാക്കിയ ഓണസദ്യ പരിപാടിക്ക് കൂടുതൽ സ്വാദേകി. ജെ.എം.കെ അംഗങ്ങളും കുട്ടികളും അണിനിരന്ന നൃത്തനൃത്ത്യങ്ങളും, സ്പെഷ്യൽ ചെണ്ടമേളവും ഓണപ്പരിപാടിക്ക് പകിട്ടേകി. ഓണാഘോഷത്തിന് നർമ്മം പകർന്ന വടം വലി മത്സരത്തിൽ ജിംഖാന ഗിലാങ്പത്ത ഇത്തവണയും പുരുഷവിഭാഗത്തിൽ ജേതാക്കളായി. സെനായിയിലെ ഹണിബീ പുള്ളേഴ്സ് ആണ് വനിതാ വിഭാഗം ജേതാക്കൾ.
സമാപന സമ്മേളനത്തോടനുബന്ധിച്ച് ലക്കി ഡ്രോയും സംഘടിപ്പിച്ചിരുന്നു. ജെഎംകെ അഡ്മിൻ പാനൽ അംഗങ്ങളായ ബിജോയ് സ്വാഗതവും ജോബിഷ് നന്ദിയും പറഞ്ഞു. മലേഷ്യയിലെ ഇതര പ്രവാസി മലയാളി സംഘടനാ പ്രതിനിധികളും മലേഷ്യൻ മലയാളികളുമടക്കം നാനൂറോളം പേരാണ് ജെ.എം.കെ യുടെ ഓണാഘോഷത്തിനെത്തിയത്.