തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ ബാങ്കിനു മുന്നിൽ കിടന്ന് പ്രതിഷേധം. നെയ്യാറ്റിൻകര സ്വദേശി ചന്ദ്രശേഖരനാണ് ബാങ്കിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. ചന്ദ്രശേഖരനും മകളും കൂടി 94 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്. ചന്ദ്രശേഖരന് ഒരു രൂപ പോലും തിരികെ ലഭിച്ചില്ല. ഇതോടെയാണ് ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
പ്രവാസ ജീവിതത്തിൽ നിന്ന് താൻ സമ്പാദിച്ച തുകയാണ് ഇതെന്നും ഡയാലിസിസ് രോഗിയായ തനിക്ക് ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ആദ്യം ബാങ്കിനുള്ളിൽ പ്രതിഷേധിച്ച് കിടന്ന ഇദ്ദേഹം പിന്നീട് പ്രതിഷേധം ബാങ്കിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില അവശമായതിനെ തുടർന്ന് നാളെ വീണ്ടും എത്തും എന്ന് പറഞ്ഞ് ചന്ദ്രശേഖരൻ മടങ്ങി.
സഹകരണ വകുപ്പ് അന്വേഷണത്തില്‍ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പ്രധാന കമ്പ്യൂട്ടറും മറ്റ് രേഖകളും വിജിലൻസ് പരിശോധിച്ചിരുന്നു. സഹകരണ വകുപ്പ് 65 അന്വേഷണ റിപ്പോര്‍ട്ടില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരും നടപടി തുടങ്ങിയതിന്‍റെ പിന്നാലെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ നടത്തിയ 65 അന്വേഷണത്തില്‍ 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ധൂര്‍ത്തും ക്രമക്കേടും അനധികൃത നിയമനങ്ങളും ചട്ടം ലംഘിച്ചുള്ള വായ്പകളും അടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്‍ ഭാസുരാംഗന്‍ തന്നെ പ്രസിഡന്‍റായ മാറനെല്ലൂര്‍ ക്ഷീര സംഘത്തിന്‍റെ ഫാക്ടറി അടക്കം കടം കയറി അടച്ചുപൂട്ടിയതും കണ്ടല ബാങ്കില്‍ നടന്ന ക്രമക്കേടുകളും ഏഷ്യാനെറ്റ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേർക്ക് ബാങ്കില്‍ അനധികൃമായി നിയമനം നൽകിയതായും കണ്ടെത്തിയിരുന്നു. 25 കൊല്ലമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാംഗന്‍റെ അടുത്ത ബന്ധുക്കളും നിയമനം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.