ന്യൂഡൽഹി : കാനഡയിലെ ഖലിസ്ഥാന്‍ അനുകൂലികൾ ന്യൂനപക്ഷമായ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായും ക്ഷേത്രങ്ങൾ അലങ്കോലമാക്കുന്നതായും റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ എംബസിക്കും നയതന്ത്രജ്ഞർക്കും ഖലിസ്ഥാൻ അനുകൂലികൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വിയന്ന കൺവെൻഷനുമായി ബന്ധപ്പെട്ട് കാനഡയ്ക്കുള്ള ഉത്തരവാദിത്തത്തിന് ഇതു ഭീഷണി സൃഷ്ടിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘പഞ്ചാബിലെ നിസാര പ്രശ്നങ്ങളിൽ പോലും കാനഡയിൽ നിന്നുള്ള ശബ്ദം ഉയരുന്നുണ്ട്. എന്നാൽ കാനഡയിലുള്ള ഖലിസ്ഥാൻ അനുകൂലികളുടെ അക്രമം, ഭീഷണി, ലഹരിമരുന്ന് കടത്ത്, മോഷണങ്ങൾ എന്നിവയിലെല്ലാം നിശബ്ദത തുടരുകയാണ്. ഇത് ഇരു രാജ്യങ്ങളെയും ബാധിക്കും.’– കാനഡയിലെ മുതിർന്ന സർക്കാര്‍ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യാ വിരുദ്ധരായ സിഖുകാർ പണവും സ്വാധീനവും ഉപയോഗിച്ച് കാനഡയിലെ വലിയ ഗുരുദ്വാരകളുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.
കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിമരുന്ന്– മോഷണ റാക്കറ്റുകൾക്ക് പഞ്ചാബില്‍ വലിയ സ്വാധീനമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവർ പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി പഞ്ചാബിലേക്ക് വലിയ തോതിൽ ലഹരി മരുന്നു കടത്തുകയും വിൽപന നടത്തുകയും ചെയ്യുന്നു. കാനഡയിൽ നിന്നുള്ള ഖലിസ്ഥാനി ഭീകരർക്കു പഞ്ചാബിലെ വിവിധ കേസുകളിൽ പങ്കുള്ളതായും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.