റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വിവിധ മേഖലകളില്‍ പൊടിക്കാറ്റും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഇന്നലെ മുതല്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. എന്നാല്‍ മഴയുടെ തോത് വര്‍ധിക്കുമെന്ന മുന്നറിയിപ്പാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകും. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മക്ക, ത്വായിഫ്, മെയ്‌സാന്‍, ആദം, അല്‍ അര്‍ദിയാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ക്കായി സിവില്‍ ഡിഫന്‍സ് വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മഴയുളള സമയങ്ങളില്‍ താഴ്‌വരകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഓടകള്‍ മുറിച്ച് കടക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണം. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നൽകി.