കൊച്ചി: കെ.ജി ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് ഭാര്യയും മക്കളും സുഖവാസത്തിന് പോയി എന്ന ആരോപണത്തിന് മറുപടിയുമായി ഭാര്യ സൽമ. താനും മക്കളും ഭർത്താവിനെ നന്നായി പരിചരിച്ചിരുന്നെന്നും എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് സിഗ്നേച്ചറിലാക്കിയതെന്നും സൽമ പറഞ്ഞു.
പക്ഷാഘാതം പിടിപ്പെട്ട അദ്ദേഹത്തെ ഒറ്റക്ക് പരിചരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും ഒറ്റക്ക് ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരുപാട് നല്ല സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം പണം ഉണ്ടാക്കിയിട്ടില്ല. കെ.ജി ജോർജിനെ പോലൊരു സംവിധായകൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഇനി ഉണ്ടാവില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് മൃതശരീരം കത്തിച്ചതെന്നും സൽമ പറഞ്ഞു.
‘ഞാനും മക്കളും എന്‍റെ ഭർത്താവിനെ നന്നായി തന്നെയാണ് നോക്കിയത്. അദ്ദേഹത്തെ സിഗ്നേച്ചറിലാക്കാൻ കാരണം അവിടെ ഡോക്ടർമാരും നഴ്സ്മാരും ഉള്ളതുകൊണ്ടാണ്. ആളുകള്‍ വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കിയെന്നൊക്കെ പറയുന്നുണ്ട്. സിനിമാ രംഗത്തുള്ളവരോട് ചോദിച്ചാൽ അറിയാം ഞങ്ങള്‍ അദ്ദേഹത്തെ എങ്ങനെയാ നോക്കിയതെന്ന്. പിന്നെ ഞങ്ങള്‍ക്ക് ജീവിക്കണ്ടേ, മകള്‍ക്ക് ദോഹയിലും മകന് ഗോവയിലുമാണ് ജോലി. എനിക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ അവരുടെ കൂടെ പോയി. അദ്ദേഹത്തിന് സ്ട്രോക്ക് ഉള്ളത് കൊണ്ട് കുളിപ്പിക്കാനും എടുത്ത് കിടത്താനൊന്നുമുള്ള ആരോഗ്യവും എനിക്കില്ല. അതുകൊണ്ടാണ് അവിടെ ആക്കിയത്. അവരും അദ്ദേഹത്തെ നന്നായാണ് നോക്കിയത്. എല്ലാ ആഴ്ചയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഞാൻ കൊടുത്തുവിടാറുണ്ട്. പിന്നെ ഈ കുരക്കുന്ന പട്ടികളുടെ വായ നമുക്ക് അടക്കാൻ പറ്റില്ലല്ലോ.
ജോർജേട്ടൻ ഒരുപാട് നല്ല സിനിമള്‍ ഉണ്ടാക്കി പക്ഷേ അഞ്ച് കാശ് ഉണ്ടാക്കിയിട്ടില്ല. അതാണ് ഞങ്ങളുടെ വിഷമം. ഞങ്ങള്‍ക്ക് ആരെയും ബോധിപ്പിക്കണ്ട കാര്യമില്ല, ദൈവത്തെ മുൻനിർത്തിയാണ് ഞങ്ങള്‍ ജീവിച്ചത്. വലിയൊരു ഡയറക്ടർ മാത്രമല്ല നല്ലൊരു ഭർത്താവ് കൂടിയായിരുന്നു അദ്ദേഹം. ഞാൻ അത്രക്ക് അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. ഒരു വിഷമവും ഞാൻ വരുത്തിയിട്ടില്ല. സുഖവാസത്തിനൊന്നുമല്ല ഗോവക്ക് പോയത്.
പിന്നെ അദ്ദേഹം മരിച്ചത്, പ്രായമായാൽ മനുഷ്യർക്ക് രോഗമുണ്ടാകും. കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ എടുത്തേക്കണേ എന്ന് ഞാൻ എന്നും ദൈവത്തോട് പ്രാർഥിക്കുമായിരുന്നു. ആ പ്രാർഥന ദൈവം കേട്ടു. അദ്ദേഹം മരിച്ച് കിടക്കുന്നതിൽ എനിക്ക് സമാധനമുണ്ട്. അല്ലാതെ എനിക്കൊരു വിഷമവുമില്ല, സൽമ പറഞ്ഞു.