ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ. ജി20 തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ പരസ്പരം സഹകരണം വളർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ മുൻകൈയിൽ ആഫ്രിക്കൻ യൂണിയനെ ജി20 ലെ സ്ഥിരാംഗമായി അംഗീകരിച്ചു. യുഎൻ രക്ഷാസമിതി നവീകരിക്കേണ്ടതുണ്ട്. ആഫ്രിക്കൻ യൂണിയന് ജി20 ൽ നൽകിയ സ്ഥിരാംഗത്വം യുഎന്നിന് പ്രചോദനമാകട്ടെ.ഇന്ത്യയുടെ ശ്രമഫലമായി ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ ജി20 സ്ഥിര അംഗമായി, വിശ്വാമിത്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഐക്യരാഷ്ട്രസഭ പുനഃസംഘാടനം ആവശ്യമാണ്. എല്ലാ രാജ്യങ്ങൾക്കും ദേശീയ താൽപര്യം ഉണ്ട്. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ആരെയും ഉപദ്രവിക്കുന്ന വിധത്തിലുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തിലടക്കം ഇന്ത്യ ഇത് തെളിയിച്ചു. ഭക്ഷ്യമേഖലയിലും സമ്പദ്ഘടനയിലും ഇന്ത്യയുടെ നേട്ടം വലുതാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ മറ്റുള്ളവരുടെ നന്മ കൂടി കണ്ടുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ചട്ടം ഉണ്ടാക്കുന്നവർ ചട്ടം ഒരിക്കലും തെറ്റിക്കില്ല, നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. ഭീകരവാദത്തോടും വിഘടന വാദത്തോടും ഒരുതരത്തിലും ഇന്ത്യ അനുകൂലമല്ലെന്ന് പറഞ്ഞ അദ്ദേഹം സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉന്നയിച്ചു. ഇന്ത്യ എന്നാൽ ഭാരതം എന്നാണ്, രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് ചില രാജ്യങ്ങൾ ഭീകരവാദത്തെ വിശദീകരിക്കുന്നു. സൗകര്യങ്ങൾക്കനുസരിച്ച് വിശദീകരിക്കേണ്ടതല്ല ഭീകരവാദമെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എസ് ജയശങ്കർ വ്യക്തമാക്കി.