ആസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ബാങ്ക് സെക്യൂരിറ്റി തുക വര്‍ധിപ്പിച്ച നടപടി ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കാൻ തീരുമാനം. ആസ്‌ട്രേലിയയിലെ സ്‌പെഷ്യല്‍ ബ്രോഡ്കാസ്റ്റിങ് സര്‍വ്വീസ് (എസ്.ബി.എസ്) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 17 ശതമാനത്തിന്റെ അധിക വര്‍ധനവാണ് ബാങ്ക് ബാലന്‍സില്‍ ഉണ്ടായിരിക്കുന്നത്.
പുതിയ നിയമത്തിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചുരുങ്ങിയത് 24,505 ഡോളര്‍ തങ്ങളുടെ ബാങ്ക് ബാലന്‍സായി കാണിക്കേണ്ടതുണ്ട്. അതായത് 20 ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ സേവിങ്‌സ് അക്കൗണ്ടായി ബാലന്‍സുള്ളവര്‍ക്ക് മാത്രമേ വിസ ലഭിക്കൂവെന്ന് ചുരുക്കം. ഇതിലൂടെ കോളജുകളില്‍ അഡ്മിഷനെടുത്ത് പെട്ടെന്ന് തന്നെ ജോലിക്ക് കയറുന്ന പ്രവണത തടയാകുമെന്നും പഠന നിലവാരം ഉയരാനാണ് പുതിയ നിയമം നടപ്പിലാക്കിയതെന്നും ആസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ക്ലയര്‍ ഒ നെയ്ല്‍ പറഞ്ഞു.