അഹമ്മദാബാദ്: ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും മൂന്നുവർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവന്ന തടവുകാരന് നഷ്ടപരിഹാരമായി സർക്കാർ ഒരുലക്ഷം രൂപ നൽകാൻ നിർദ്ദേശം. ഗുജറാത്ത് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. തുക പതിനാല് ദിവസത്തിനകം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തടവുകാരന്റെ ദയനീയ സ്ഥിതി പരിഗണിച്ചാണ് നഷ്ടപരിഹാരം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ചന്ദൻജി താക്കൂർ എന്ന ഇരുപത്തേഴുകാരനാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. 2020 സെപ്തംബർ 29 നാണ് ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ ഉത്തരവ് ഹൈക്കോടതി ജയിലേക്ക് ഇ മെയിൽ ചെയ്തു. മെയിൽ ലഭിച്ചെങ്കിലും അതിനോടൊപ്പം അറ്റാച്ച് ചെയ്തിരുന്ന ഓർഡർ തുറക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ ചന്ദൻജി താക്കൂറിന് ജാമ്യം നൽകാനും അധികൃതർ തയ്യാറായില്ല. ജാമ്യ ഉത്തരവ് ജില്ലാ സെഷൻസ് കോടതിയിലേക്കും അയച്ചിരുന്നു. എന്നാൽ ജയിൽ അധികൃതർ ഉത്തരവ് നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ കോടതിയും തയ്യാറായില്ല.
പ്രതി പുതിയ ജാമ്യഹർജി നൽകിയതോടെയാണ് സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട് പ്രതിക്ക് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് ജയിൽ അധികൃതർ കോടതിയെ അറിയിച്ചത്.
ഈ സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതാകട്ടെ എന്നുപറഞ്ഞ ഹൈക്കോടതി തടവുകാരന് ആസ്വദിക്കാൻ കഴിയുമായിരുന്ന സ്വാതന്ത്ര്യം ചിലരുടെ നടപടികൾ മൂലം നഷ്ടമായി എന്ന് നിരീക്ഷിക്കുകയും ചെയ്തു. സംസ്ഥാനത്തെ ജയിലുകളിൽ ജാമ്യം ലഭിച്ചിട്ടും മോചിപ്പിക്കപ്പെടാതെ കഴിയുന്ന തടവുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.