ഒട്ടാവ : ഖലിസ്ഥാനി ഭീകരനും സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ തലവനുമായ ഗുരുപത്വന്ത് സിംഗ് പന്നുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫോറം . ഫോറം അഭിഭാഷകൻ പീറ്റർ തോണിംഗാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറോട് പന്നുവിന്റെ പ്രവേശനം നിരോധിക്കണമെന്നും അഭ്യർത്ഥിച്ചു.
പന്നുവിന്റെ ഭീഷണി കാരണം ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല, കനേഡിയൻ സമൂഹത്തിലെ നിരവധി ആളുകൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് തോണിംഗ് കത്തിൽ പറയുന്നു. ഹിന്ദുക്കൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് പന്നുവിനെതിരെ നടപടിയെടുക്കണമെന്നും കാനഡയിലേക്ക് വരുന്നത് നിരോധിക്കണമെന്നും കത്തിൽ പറയുന്നു.
ഏതെങ്കിലും പ്രത്യേക സമുദായത്തിനെതിരെ അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കാനഡ അംഗീകരിക്കരുതെന്നും കർശന നടപടിയെടുക്കണമെന്നും തോണിംഗ് തന്റെ കത്തിൽ പറയുന്നു. മുതിർന്നവരിൽ മാത്രമല്ല, സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന കുട്ടികളിലും പന്നുവിന്റെ വീഡിയോ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നുവെന്നും ഹിന്ദു ഫോറം കത്തിൽ പറയുന്നു.
പന്നുവും കൂട്ടാളികളും സോഷ്യൽ മീഡിയയിൽ തുടർച്ചയായി വീഡിയോ പങ്കിടുന്നുണ്ടെന്നും അതിൽ എല്ലാ ഹിന്ദുക്കളോടും കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യപ്പെടുന്നുണ്ടെന്നും തോണിംഗ് പറഞ്ഞു . ഒരാഴ്ച മുമ്പ് പന്നു ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ട് തിരികെ പോകണമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഹിന്ദുക്കളുടെ രാജ്യം ഇന്ത്യയാണെന്നും അവർ കാനഡ വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഖലിസ്ഥാനെ പിന്തുണയ്‌ക്കുന്ന സിഖുകാർ മാത്രമേ കാനഡയിൽ തുടരൂ. ഖലിസ്ഥാൻ അനുകൂല സിഖുകാർ എക്കാലവും കാനഡയോട് വിശ്വസ്തരാണെന്നും രാജ്യത്തെ നിയമങ്ങളും ഭരണഘടനയും പാലിക്കുന്നവരാണെന്നും പന്നു പറഞ്ഞിരുന്നു.