ദില്ലി: മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ രാജ്യം മുഴുവൻ ലജ്ജിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ 12 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സാമൂഹിക മാധ്യമമായ എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ലജ്ജയില്ലെന്നും തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കും ഇടയിൽ പെൺമക്കളുടെ നിലവിളി അവർ അടിച്ചമർത്തുന്നെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. അതേസമയം മധ്യപ്രദേശിൽ 12 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സർക്കാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
നേരത്തെ മധ്യപ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വനിത സംവരണ ബില്ലിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്‍റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാര്രിദ്ര്യ നിര്‍മാർജ്ജന മുദ്രാവാക്യം മുന്നോട്ട് വച്ച കോണ്‍ഗ്രസിന് അത് സാധ്യമാക്കാനായില്ലെന്നും ബിജെപിയാണ് ദാരിദ്ര്യ നിര്‍മാർജനം സാധ്യമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 13 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ ബിജെപിക്കായെന്നും വനിത സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദശാബ്ദത്തോളം കാലം പ്രതിപക്ഷം വനിത സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.