കാബൂൾ ; റഷ്യയിലെ കസാനിൽ നടക്കാനിരിക്കുന്ന മോസ്കോ ഫോർമാറ്റ് മീറ്റിംഗിന് മുന്നോടിയായി, ഇന്ത്യയോട് സാമ്പത്തിക പിന്തുണയും, അംഗീകാരവും തേടി താലിബാൻ. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി അടുക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് താലിബാൻ ഇന്ത്യയുടെ പിന്തുണ തേടിയിരിക്കുന്നത് .
താലിബാന്റെ “ഇസ്ലാമിക് എമിറേറ്റ്” അംഗീകരിക്കാൻ ഇന്ത്യ മുമ്പ് വിസമ്മതിക്കുകയും മനുഷ്യാവകാശങ്ങളെ മാനിക്കുകയും ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കാബൂളിലെ താലിബാൻ ഭരണകൂടത്തിന്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് .
റഷ്യ, ചൈന, പാകിസ്താൻ, തുർക്ക്മെനിസ്ഥാൻ എന്നിവരുമായി താലിബാൻ നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് . എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു രാജ്യവും താലിബാന്റെ അഭ്യർത്ഥന സ്വീകരിച്ചിട്ടില്ല.കസാൻ മീറ്റിംഗിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കുമെന്ന് റിപ്പോർട്ടുണ്ട് . റഷ്യ, അഫ്ഗാനിസ്ഥാൻ, ചൈന, പാകിസ്താൻ, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വേദിയാണ് മോസ്കോ ഫോർമാറ്റ്.