ഹൈദരാബാദ് : ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്.
സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി.
ഹൈദരാബാദിലെ ആദ്യ മാൾ പൂർത്തീകരിക്കാൻ മികച്ച പിന്തുണയാണ് തെലങ്കാന സർക്കാർ നൽകിയതെന്നും കെ.ടി രാമറാവുവിന്റെ നിശ്ചദാർഢ്യവും വ്യവസായ കാഴ്ചപ്പാടും അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.എ യൂസഫലി ചൂണ്ടികാട്ടി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി പദ്ധതികൾ ലുലുവിന്റെ പട്ടികയിലുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ കൂടുതൽ പ്രചാരണത്തിനായി ഭക്ഷ്യസസംസ്കരണ കയറ്റുമതി കേന്ദ്രവും സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രവുമാണ് അടുത്ത പദ്ധതി. 3500 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത മൂന്ന വർഷത്തിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളും, ഹൈപ്പർമാർക്കറ്റുകളും ഇതിന്റെ ഭാഗമായി തുറക്കും – ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.