Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്

ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു.  ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥന്‍. സ്വാമിനാഥന്‍റെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.  

മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് എംഎസ് സ്വാമിനാഥന്റെ മുഴുവൻ പേര്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിട്ട ഹരിത വിപ്ലവത്തിൻറെ ശിൽപ്പിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1925 ഓഗസ്റ്റ് 7ന് സർജനായ ഡോ എംകെ സാംബശിവൻറെയും പാർവതി തങ്കമ്മാളിൻറെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്താണ്  ജനനം. കുംഭകോണം കത്തോലിക്കേറ്റ് ലിറ്റിൽ ഫ്ലവർ ഹെസ്കൂളിൽ നിന്ന് 15 വയസ്സിൽ മെട്രിക്കുലേഷൻ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1944-ൽ സുവോളജിയിൽ ബിരുദം നേടി. ശേഷം മദ്രാസ് അഗ്രിക്കൾച്ചറൽ കോളേജിൽ നിന്ന് അഗ്രിക്കൾച്ചറൽ സയൻസിൽ ബിരുദം കരസ്ഥമാക്കി. 

1947ൽ ഡെൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനറ്റിക്സ് ആൻറ് പ്ലാൻറ് ബ്രീഡിങ്ങിൽ മാസ്റ്റർ ബിരുദവും നേടി. 1949ൽ  നെതർലാൻഡ്സിലെ ജനിതക ഇൻസ്റ്റിറ്റ്യൂട്ടിൽ ഉരുളക്കിഴങ്ങിലെ ജനിതക പഠനത്തിനായി യുനെസ്കോ ഫെലോഷിപ്പ് സ്വീകരിച്ചു. 1950ൽ കേംബ്രിഡ്ജിൽ ഗവേഷണത്തിന് ചേർന്നു.‍1952ൽ പി.എച്ച്.ഡി നേടി. അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് ചേരുകയും അമേരിക്കൻ കാർഷിക വകുപ്പിനു കീഴിൽ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങാൻ സഹായിക്കുകയും ചെയ്തു.

1955-72 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനവും ഗവേഷണവും. മികച്ച ഉൽപ്പാദനം തരുന്ന ഗോതമ്പ് വിത്തുകൾക്കായുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്.  1961-72 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പദവിയിലേക്ക് എത്തി. 1965 -ൽ  നോർമൽ ബോലോഗും മറ്റു ശാസ്ത്രജ്ഞരുമായി ചേർന്ന് അത്യുൽപാദക വിത്തിനങ്ങൾ വികസിപ്പിച്ച് രാജ്യത്തിന് ഭക്ഷ്യ സുരക്ഷ കൈവരിക്കാൻ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചു. 

1972-79 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ആയിരുന്നു. 1979-80 കാലത്ത് കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയും 1980-82 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമയും പ്രവർത്തിച്ചു. 1988ൽ  ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.  2004-06 കാലത്ത് ദേശീയ കർഷക കമ്മീഷൻ അധ്യക്ഷൻ ആയി പ്രവർത്തിച്ചു.  2007-13 കാലത്ത് രാജ്യസഭാംഗമായിരുന്നു.  2010-13 കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള ആഗോള സമിതിയിൽ ഉന്നതാധികാര വിദഗ്ധ സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.  

1967ൽ പത്മശ്രീയും 1972ൽ പത്മഭൂഷനും 1989ൽ പത്മവിഭൂഷനും നൽകി കേന്ദ്ര സർക്കാർ ആദരിച്ചു. 1971ൽ സാമൂഹിക സേവനത്തിന് രമൺ മാഗ്സസെ അവാർഡ്, 1986ൽ ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, 1987ൽ ആദ്യ ലോക ഫുഡ് പ്രൈസ്, 2000ത്തിൽ സമാധാനത്തിന് ഇന്ദിര ഗാന്ധി അവാർഡ്, പരിസ്ഥിതി സംരക്ഷണത്തിന് യുഎൻഇപി അവാർഡ്, യുനെസ്കോയുടെ മഹാത്മാ ഗാന്ധി അവാർഡ് എന്നീ അം​ഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments