മൊബൈൽ ചാർജ് ചെയ്യാൻ കുത്തിയിട്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. തമിഴ്നാട് തഞ്ചാവൂരിലെ പാപനാശത്ത് ഇന്നലെയാണ് സംഭവം. വിസിത്ര രാജപുരം സ്വദേശിയായ പി ഗോകിലയാണ് (33) മരിച്ചത്. ഭർത്താവിന്റെ മരണശേഷം ഇവർമൊബൈൽ സർവീസ് സെന്റർ നടത്തി വരികയായിരുന്നു . ഇവിടെ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണിൽ ഹെഡ്സെറ്റ് വച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് കടയ്ക്ക് തീ പിടിക്കുകയും ഗോകിലയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
പ്രദേശവാസികൾ ഓടിയെത്തി തീയണച്ച് ഗോകിലയെ കടയിൽ നിന്ന് പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ആണ് കടയിലെ തീയണക്കാൻ ആയത്. കബി സ്ഥലം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചു. ശേഷം മൃതദേഹം പാപനാശം ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങൾ ഈയടുത്ത് റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ 70 കാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണ് പൊട്ടിത്തെറിച്ച സംഭവവും വാർത്തയായിരുന്നു. തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ നിന്ന് ഏലിയാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഏപ്രിൽ 24ന് മൊബൈൽഫോൺ പൊട്ടിത്തെറിച്ച് തിരുവില്വാമല പട്ടിപ്പറമ്പിൽ സ്വദേശിയായ പെൺകുട്ടിയും മരിച്ചിരുന്നു. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ(8)യാണ് മരിച്ചത്.
മെയ് 9 ന് പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഈ സംഭവം. ഇയാൾ രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അടിവയറ്റിലും കാലിലും പരിക്കേറ്റ ഹാരിസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസും രംഗത്തെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുൻപ് മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അത് ശ്രദ്ധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം അപകടങ്ങൾ അറിയാതെ പോകുന്നത്. പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം- അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കുകയും ചെയ്യും. തുടക്കത്തിലെ ഇത് ശ്രദ്ധിച്ചാൽ ഇത്തരം വലിയ അപകടങ്ങൾ ഒഴിവാക്കാം.