തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ വിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് നടന്‍ വ്യക്തമാക്കി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപി വൈമനസ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശയക്കുഴപ്പത്തിന് ഇടവന്നത്.
ഇതിനെ തുടര്‍ന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് നടനുണ്ടായിരുന്ന ആശയക്കുഴപ്പവും പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ സജീവമായി തന്നെ താന്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെടുന്ന സീറ്റില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ തന്നെ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം താല്‍പര്യപ്പെടുന്നുവെന്നാണ് വിവരം.
സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കും. കരുവന്നൂരിലെ പദയാത്രയുമായി മുന്നോട്ടുപോകും. ഗാന്ധി ജയന്തി ദിനത്തിലാണ് പദയാത്രയെന്നും സുരേഷ് ഗോപി പറഞ്ഞു.