മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്.യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.
നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൂന്ന് യൂണിറ്റ് ബ്ലഡ് വേണം എന്ന് ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടു. രണ്ട് യൂണിറ്റ് രക്തം എടപ്പാളില്‍ നിന്ന് നേരത്തെ സംഘടിപ്പിച്ചിരുന്നു. അതില്‍നിന്ന് ഒരു യൂണിറ്റ് രക്തം 26ന് നല്‍കി. രണ്ടാമത്തെ യൂണിറ്റ് 27നും നല്‍കി. പിന്നീട് രക്തം വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടില്ല. കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടപടിയെടുക്കണം. ഇനിയൊരു കുട്ടിക്കും ഈ ഒരു അവസ്ഥ വരരുത്, റുഖ്‌സാനയുടെ അമ്മ പറഞ്ഞു.
സംഭവത്തില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു പൊന്നാനി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.