ത്തനംതിട്ട: നിയമന കൈക്കൂലി വിവാദത്തിൽ ആരോപണവിധേയനായ അഖിൽ സജീവിനെതിരെ സിഐടിയു. അഖിൽ സജീവ് സിഐടിയുവിന്റെ ലെറ്റർപാഡ് ദുരുപയോഗം ചെയ്തുവെന്നാണ് സിഐടിയു ജില്ലാ ജോയിന്‍റ് സെക്രട്ടറിയായിരുന്ന മലയാലപ്പുഴ മോഹനൻ ഉന്നയിക്കുന്ന ആരോപണം. തൊഴിലാളികളുടെ മാസവരിത്തുക സ്വീകരിച്ചതായി ലെറ്റർ പാഡിൽ സ്വയം ഒപ്പിട്ട് നൽകി.
പത്തനംതിട്ടയിലെ രണ്ട് ലോഡ്ജുകളിൽ സിഐടിയുവിന്റെ പേരിൽ മുറി ബുക്ക് ചെയ്ത് അഖിൽ സജീവ് തൊഴിൽ തട്ടിപ്പ് നടത്തി. ജോലിക്കായുള്ള ഇന്റർവ്യൂവാണ് ലോഡ്ജുകളിൽ നടത്തിയത്. മുറി വാടക നൽകാതെ അഖിൽ സജീവ് കടന്ന് കളഞ്ഞു. എന്നാൽ അഖിൽ താമസിച്ച ലോഡ്ജിന്റെ ഉടമകൾ പണം അവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
നോർക്ക റൂട്സിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് അഖിൽ സജീവ് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം അഭിഭാഷകനായ ശ്രീകാന്ത് രംഗത്തെത്തിയിരുന്നു. അഖിൽ സജീവ്, ജിക്കു ജേക്കബ്, ജയകുമാർ വള്ളിക്കോട് എന്നിവർ ചേർന്നാണ് കബളിപ്പിച്ചത്. പിന്നീട് സിപിഐഎം നേതാക്കൾ ഇടപെട്ട് പണം തിരികെ നൽകിയെന്നും ശ്രീകാന്ത് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഡോക്ടർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന വിവാദത്തിൽ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്നയാളാണ് അഖിൽ സജീവ്. 75000 രൂപയാണ് അഖിൽ സജീവിന് നൽകിയതെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണ്.