ക്വാലലംപുർ: മലേഷ്യയിലെ മലയാളി കുടുംബത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സുബാംങ് ജയയിലെ സുബ്രഹ്മണ്യർ ക്ഷേത്രത്തിലെ ഇവന്റ് ഹാളിൽ സെപ്റ്റംബർ 30ന് ഗംഭീരമായി സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ റജിസ്‌ട്രേഷൻ ആരംഭിക്കും. മലയാളി കുടുംബാംഗങ്ങളുടെ വിവിധ കാലപരിപാടികൾക്ക് പുറമെ പല്ലവി രതീഷും രതീഷ് കുമാറും ചേർന്നൊരുക്കുന്ന മധുരഗാനങ്ങളും ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമാക്കും.
സ്വാദിഷ്ടമായ ഓണസദ്യയുമുണ്ടാകും. മലേഷ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും പ്രവാസി മലയാളികളടക്കം നിരവധിപേർ ഓണാഘോഷത്തിൽ പങ്കെടുക്കും. ക്വാലലംപുരിൽ 2007-ൽ സ്ഥാപിതമായ സംഘടനയാണ് മലയാളി കുടുംബം. സാംസ്കാരിക പരിപാടികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന മലയാളി കുടുംബം സ്ഥിരമായി എല്ലാവർഷവും ഓണാഘോഷവും സംഘടിപ്പിച്ചു വരുന്നു.ഔദ്യോഗികമായി സംഘടന പദവികൾ ഇല്ലാതെ ഒരു കുടുംബായി നില കൊള്ളുന്ന മലേഷ്യയിലെ വേറിട്ടൊരു പ്രവാസി മലയാളി കൂട്ടായ്മകൂടിയാണ് മലയാളി കുടുംബം.