ബ്യൂണസ് അയേർസ്: സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും. കഴിഞ്ഞ ദിവസം അർജന്റീനയിലെ തൊഴിൽ-സാമൂഹ്യ-സുരക്ഷാ മന്ത്രി റാക്വൽ കിസ്മർ ഡി ഒൽമോസിന്റെ സാന്നിധ്യത്തിൽ അർജന്റീനയിലെ ഇന്ത്യൻ അംബാസഡർ ദിനേശ് ഭാട്ടിയയും അർജന്റീനയുടെ വിദേശകാര്യ, അന്താരാഷ്‌ട്ര വ്യാപാര, മന്ത്രി സാന്റിയാഗോ കഫീറോയുമാണ് കരാറിൽ ഒപ്പുവച്ചത്. പരമ്പരാഗതമായി സൗഹൃദബന്ധം പങ്കിടുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കെട്ടിപ്പടുക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണിതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
വാർദ്ധക്യ പെൻഷൻ, ജോലി ചെയ്യുന്ന വ്യക്തികൾക്കുള്ള ഇൻഷുറൻസ്, സമ്പൂർണ വൈകല്യ പെൻഷൻ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ നിയമനിർമ്മാണത്തിനും അർജന്റീനയിലെ നിയമനിർമ്മാണത്തിനും സാമൂഹ്യ സുരക്ഷാ കരാർ (എസ്എസ്എ) ബാധകമാണ്.
അർജന്റീനയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണവും ഇന്ത്യയിൽ തൊഴിൽ തേടുന്ന അർജന്റീനിയൻ പൗരന്മാരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെ പൗരന്മാർ തമ്മിലുള്ള കൈമാറ്റങ്ങൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു നിയമപരമായ ചട്ടക്കൂട് ആവശ്യമാണെന്ന വിലയിരുത്തലിലാണ് സാമൂഹ്യ സുരക്ഷാ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളിലെയും സാമൂഹ്യ സുരക്ഷയ്‌ക്കായി നൽകുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിൽ നിന്ന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അതുവഴി അവരുടെ തൊഴിൽമേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കരാർ സഹായകമാകും.