ഒട്ടാവ : ഒരു വിമാനം നിറയെ കൊക്കെയ്നുമായാണ് ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയതെന്ന ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ്. ‘‘ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാർത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.’’– ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മുൻനയതന്ത്ര ഉദ്യോഗസ്ഥനായ ദീപക് വോഹ്റയാണ് ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു വിമാനത്തിൽ നിറയെ കൊക്കെയ്നുമായാണ് ട്രൂഡോ ഇന്ത്യയിലേക്കു പറന്നതെന്നും രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയിൽ ഇത് ഒളിപ്പിച്ചെന്നുമാണ് ദീപക് വോഹ്റയുടെ ആരോപണം. നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ വിമാനത്തിൽ കൊക്കെയ്നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളിൽനിന്നു വിവരം ലഭിച്ചതായും ദീപക് വോഹ്റ പറഞ്ഞു.
‘‘ട്രൂഡോ രാഷ്ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലാണെന്നാണ് ആളുകൾ പറഞ്ഞത്’’– ദീപക് വോഹ്റ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സെപ്റ്റംബർ 8നാണ് ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ന്യൂഡൽഹിയിൽ എത്തിയത്. 16 വയസ്സുള്ള മകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കനേഡിയൻ പൗരന്മാർക്ക് വീസ നിഷേധിച്ച ഇന്ത്യയുടെ നടപടിയും വോഹ്റ ശരിവച്ചു.