ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 28ാം സീസണ് ഒക്ടോബർ 18ന് തുടക്കം. ഇതിലേക്കുള്ള വി.ഐ.പി ടിക്കറ്റുകൾ വിറ്റഴിഞ്ഞത് റെക്കോർഡ് വേഗത്തിൽ. ദുബൈയിലെ ഏറ്റവും ജനകീയ വിനോദകേന്ദ്രം എന്ന നിലയിൽ ഗ്ലോബൽ വില്ലേജിന്‍റെ സ്വീകാര്യതയാണ് ഇത് തെളിയിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കുറി ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെയാണ് ഗ്ലോബൽ വില്ലേജ് ലക്ഷ്യമിടുന്നത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. 11.21 ആയതോടെ വിൽപന പൂർത്തിയായി. റെക്കോർഡ് വേഗതയിൽ ടിക്കറ്റുകൾ വിറ്റുതീർന്ന കാര്യം എക്സിലൂടെ ദുബൈ ഗ്ലോബൽ വില്ലേജ് അധികൃതരാണ് അറിയിച്ചത്. വെർജിൻ മെഗാസ്റ്റോർ ടിക്കറ്റ്സ് വെബ്സൈറ്റിലൂടെയായിരുന്നു വി.ഐ.പി ടിക്കറ്റുകളുടെ വിൽപന.
7,000 ദിർഹമാണ് ഡയമണ്ട് പാക് ടിക്കറ്റുകളുടെ വില. പ്ലാറ്റിനം പാക്കിന് 2,950 ദിർഹവും ഗോൾഡ് പാക്കിന് 2250 ദിർഹവും സിൽവർ പാക്കിന് 1,750 ദിർഹവുമാണ് വില. വിറ്റുതീർന്ന വി.ഐ.പി ടിക്കറ്റുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലിക്ക് 25,000 ദിർഹം സമ്മാനമായി ലഭിക്കും.
പ്രവേശന പാസ്, വി.ഐ.പി പാർക്കിങ് സ്റ്റിക്കർ, പ്രിവില്ലേജ് കാർഡ്, വി.ഐ.പി വണ്ടർ പാസ് എന്നിവ ഉൾപ്പെടുന്നതാണ് വി.ഐ.പി പാക്ക്. കൂടാതെ കാർ വാഷ്, പോർട്ടർ സർവിസ് വൗച്ചറുകളും ലഭിക്കും. ദുബൈയിൽ വിനോദ സഞ്ചാരികളുടെയും സ്വദേശികളുടെയും ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ദുബൈ ഗ്ലോബൽ വില്ലേജ്.