അങ്കാറ: തുർക്കിയിലെ പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം. തലസ്ഥാനമായ അങ്കാറയിൽ നടന്ന ആക്രമണത്തിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണമെന്ന വിലയിരുത്തലിലാണ് പോലീസും സുരക്ഷാ സേനയും.
രാവിലെ പ്രദേശത്ത് വെടിയൊച്ച കേട്ടിരുന്നു. പിന്നീട് വൻ സ്‌ഫോടനം നടത്തുകയായിരുന്നു. ഭീകരാക്രമണമെന്നാണ് ടർക്കിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സംഭവത്തിൽ ഒരു ഭീകരനെ സേന വധിച്ചു. മറ്റൊരു ചാവേർ പൊട്ടിത്തെറിച്ചതായും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തുർക്കിയുടെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.