ദോഹ: എക്സ്പോ 2023ന് നാളെ ഖത്തറില്‍ തുടക്കമാകും. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ എക്സ്പോ നഗരിയില്‍ സജ്ജമായിക്കഴിഞ്ഞു. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്‍ശന മേളയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍ വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്സ്പോ 2023. എക്സ്പോക്ക് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള എല്ലാ ഒരുങ്ങളും എക്സ്പോ നഗരിയില്‍ പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളുടെ പവലിയനുകളും ഫുഡ് സ്റ്റാളുകളുമെല്ലാം സജ്ജമാണ്. 88 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്നായി 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള കലാകാരന്മാര് അവതരിപ്പിക്കുന്ന വിനോദ വിഞ്ജാന പരിപാടികളും അരങ്ങേറും. ആഗോള രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്‍. അറേബ്യന്‍ രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്‍ ,തായ്, ടര്‍ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില്‍ അണിനിരക്കും. കൃഷി, ന്യൂതന സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും.എക്സ്പോ നഗരിയിലേക്ക് പ്രത്യേക ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന ഹോര്‍ട്ടി കള്‍ചറല്‍ എകസ്പോ 2024 മാർച്ച് 28നാണ് അവസാനിക്കുക.