ലണ്ടൻ (യു.കെ): ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്താൻ വാദികളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഹൈക്കമ്മീഷന് പുറത്ത് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ വൻ സുരക്ഷ സംവിധാനം ഒരുക്കി. പ്രതിഷേധക്കാരെ ഹൈക്കമ്മീഷന്‍റെ എതിർഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്.
മുമ്പും പല തവണ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ ഖാലിസ്താൻ വാദികൾ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഖാലിസ്താൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഹൈക്കമ്മീഷനിലെ ത്രിവർണ പതാക പ്രതിഷേധക്കാർ അഴിച്ചു മാറ്റുകയും കാര്യാലയത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.
സമാന വിഷയത്തിൽ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് ഖാലിസ്താൻ വാദികൾ പ്രതിഷേധം സംഘടിപ്പിക്കുകയും അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കേടുവരുത്തുകയും ചെയ്തിരുന്നു.