ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 മണിക്കൂറില്‍ 24 പേര്‍ മരണപ്പെട്ടു. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
12 നവജാതശിശുക്കള്‍ക്ക് പുറമേ വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന 12 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരാണെന്നാണ് വിവരം.
70-80 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ രീതിയിലുള്ള ഒരു ആശുപത്രി മാത്രമാണ് ഉള്ളതെന്നും ദൂരെ സ്ഥലത്തുള്ളവര്‍പോലും ചികിത്സക്കായി ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നതെന്നും ആശുപത്രി ഡീന്‍ പറഞ്ഞു. ചില ദിവസങ്ങളില്‍ രോഗികള്‍ വര്‍ധിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ നേരിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്നുകളുടെയും ആശുപത്രി ജീവനക്കാരുടെയും കുറവാണ് 24 മരണത്തിന് കാരണമെന്നാണ് ആക്ഷേപം.
സംഭവത്തില്‍ പ്രതിഷേധവുമായി എന്‍സിപി രംഗത്തെത്തി. കൂട്ടമരണം സര്‍ക്കാരിന് നാണക്കേടാണെന്ന് എന്‍സിപി വക്താവ് വികാസ് ലവനാഡെ പറഞ്ഞു. ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് മരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.