തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശത്തോടെ രാജ്യാന്തര ചലച്ചിത്രമേളയുടെ പാസ് നിരക്ക് ഉയരും. കേന്ദ്രം കർശന നിർദേശമാണ് ചലച്ചിത്ര അക്കാദമിക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ സേവന നികുതി അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ജി.എസ്.ടി വകുപ്പ് അക്കാദമിക്ക് കത്ത് നൽകിയിരുന്നു.
സർവീസ് ടാക്സ് ഇനത്തില്‍ 18% ജി.എസ്.ടി കൂടി ഏർപ്പെടുത്താനാണ് അക്കാദമി നിർബന്ധിതരാകുന്നത്. ഇതോടെ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ്ഫീസിൽ അടക്കം വർധന ഉണ്ടാകും. ഡിസംബറിൽ നടക്കാനിരിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മുൻപ് 1000 രൂപയായിരുന്നു ഡെലിഗേറ്റ് ഫീസ്. കേന്ദ്രത്തിന്‍റെ പുതിയ നീക്കത്തോടെ ഇത് 1200 രൂപയോളം ഉയരും. അക്കാദമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീക്ഷ മാസികയുടെ വിലയിലും വർധനയുണ്ടാകും.
ഓഗസ്റ്റിൽ നടന്ന ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റിവലിലും ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ കാണികളുടെ എണ്ണം കുറവായതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ഫിലിം ഫെസ്റ്റിവൽ, ചലച്ചിത്ര സമീക്ഷ മാസിക അടക്കമുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾ സേവന നികുതിയുടെ കീഴിൽ വരുമെന്നാണ് ജി.എസ്.ടി വകുപ്പിന്‍റെ വാദം. കഴിഞ്ഞ അഞ്ചുവർഷത്തെ ഈ ഇനത്തിൽപ്പെട്ട തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്കാദമിക്ക് കത്തു നൽകിയത്. സാംസ്കാരിക പ്രവർത്തനങ്ങളാണെന്നും ഇതിന് നികുതി പിരിച്ചിട്ടില്ലെന്നുമുള്ള അക്കാദമിയുടെ മറുപടി സ്വീകാര്യമല്ലെന്ന നിലപാടാണ് വകുപ്പിന്‍റേത്.